
കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള 38 കിലോമീറ്റർ റോഡ് നാലുവരി പാതയായി വികസിപ്പിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്.
23 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ 14 വില്ലേജുകളിൽ ഉൾപ്പെട്ട 102.08 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനായി 653 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ഈ വർഷം ജനുവരി 27ന് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.
എന്നാൽ, നിർദ്ദിഷ്ഠ ഭൂമിയിലെ താമസക്കാരും കച്ചവടക്കാരും എതിർപ്പ് പ്രകടപ്പിച്ച് മുന്നോട്ടുവന്ന സാഹചര്യത്തിൽ പദ്ധതിയുടെ സാമൂഹ്യാഘാതപഠനം നടത്താൻ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെ ഔട്ട് റീച്ച് വിഭാഗത്തെ ചുമതലപ്പെടുത്തിയത്. 2026 ജനുവരി 23ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. പദ്ധതിപ്രദേശത്തെ 2515 ഗുണഭോക്താക്കളിൽ 90 ശതമാനം ആളുകളെയും നേരിൽകേട്ട് ജൂൺ 25ന്, 5മാസം കൊണ്ട് വിശദമായ പഠനം നടത്തി റിപ്പോർട്ട് റവന്യൂവകുപ്പിൽ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി പുനരാരംഭിച്ചില്ല.
റോഡിന്റെ അലൈൻമെന്റ്
ആലുവ പുളിഞ്ചോട് കവല മുതൽ തങ്കളം ജംഗ്ഷൻ വരെ സംസ്ഥാനപാതയോട് ചേർന്നും ഇടയ്ക്ക് 6 ഇടങ്ങളിൽ സംസ്ഥാന പാതയിൽ നിന്ന് മാറിയുമാണ് പദ്ധതി അലൈൻമെന്റ് കടന്നുപോകുന്നത്. തങ്കളം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബൈപ്പാസിനോട് ചേർന്നും ഇടയ്ക്ക് ബൈപ്പാസിൽ നിന്ന് മാറിയുമാണ് അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റെടുക്കാമെന്ന്
പഠനറിപ്പോർട്ട്
റോഡ് വികസനത്തിനായി ഏകദേശം 41.33 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ വിലയിരുത്തുമ്പോൾ പദ്ധതി മൂലം പ്രദേശത്തെ കുടുംബങ്ങൾക്ക് വിവിധങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ, നിർദ്ദിഷ്ട പദ്ധതി സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് വഴി തെളിക്കുമെന്നതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഭൂമി ഏറ്റെടുക്കുന്നതിന് അനുകൂലമാണ്. ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിൽ ഉൾപ്പെട്ട ആലുവ വെസ്‌റ്റ്, ചൂർണ്ണിക്കര, കീഴ്‌മാട്, ആലുവ് ഈസ്‌റ്റ്, വാഴക്കുളം, അറയ്ക്കപ്പടി, വെങ്ങോല, മാറമ്പള്ളി, പെരുമ്പാവൂർ, രായമംഗലം, അശമന്നൂർ, ഇരമല്ലൂർ, തൃക്കരിയൂർ, കോതമംഗലം വില്ലേജുകളിൽ പെട്ട ഏകദേശം 41.33 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടപ്പിലാക്കാവുന്നതാണ്.
ആകെ ഭൂ ഉടമകൾ: 2515
കുടുംബ താമസക്കാർ: 43 ശതമാനം
കച്ചവട സ്ഥാപനങ്ങൾ: 43.2 ശതമാനം
കൃഷിഭൂമി........................... 1ശതമാനം
തരിശ്.................................1.1 ശതമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |