നടപടിയില്ലെന്ന് വ്യാപക പരാതി
തൊടുപുഴ: ശക്തമായ കാറ്റിലും മഴയത്തും പാതയോരങ്ങളിൽ അപകടഭീഷണി ഉയർത്തി പരസ്യബോർഡുകൾ തിങ്ങി നിറയുന്നു. പ്രധാനപാതകളിലും, ഗ്രാമീണറോഡുകളിലുമെല്ലാം സ്വകാര്യവ്യക്തികളുടെ പറമ്പിലാണ് വാഹനയാത്രക്കാർക്ക് അപകടകരമായ രീതിയിൽ കൂടുതൽ ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പലയിടത്തും വൈദ്യുതി തൂണുകൾ, ടെലിഫോൺ പോസ്റ്റുകൾ എന്നിവയിൽ ഉൾപ്പെടെയും പരസ്യബോർഡുകൾ വ്യാപകമാണ്. തദ്ദേശസ്ഥാപന അധികൃതരുടെ അനുമതിയോടെ നിശ്ചിത കാലയളവിൽ കട്ടൗട്ടറുകളും ബാനറുകളും സ്ഥാപിക്കാവുന്നതാണെങ്കിലും പലരും ഇക്കാര്യംപാലിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നിയമസഭ തിരഞ്ഞെടുപ്പിലടക്കം വിവിധ രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ചിരിക്കുന്ന ചെറിയ ഫ്ലെക്സുകൾ മുതൽ കൂറ്റൻ പരസ്യബോർഡുകൾ അടക്കം ഇത്തരത്തിൽ വഴിയരുകിലുണ്ട്. ജില്ലയിലെമ്പാടും ഇത്തരത്തിലുള്ള കാഴ്ചകൾ വ്യാപകമാണ്. നിയമനടപടികൾ കർശനമാക്കുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും പല പ്രദേശങ്ങളിലെയും പാതയോരങ്ങളിൽ നിയമം കാറ്റിൽപ്പറത്തിയാണ് പരസ്യ ബോർഡുകൾ തലങ്ങും വിലങ്ങും സ്ഥാപിച്ചിട്ടുള്ളത്. രാഷ്ട്രീയപ്പാർട്ടികൾ മാത്രമല്ല സാമുദായിക - സാംസ്‌ക്കാരിക സംഘടനകൾ ഉൾപ്പടെയുള്ളവരിൽ നിന്നും ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളുണ്ടാകുന്നുണ്ട്. പരാതിയുണ്ടാകുമ്പോൾ മാത്രമാണ് തദ്ദേശസ്ഥാപന അധികൃതർ പലപ്പോഴും നടപടികൾ സ്വീകരിക്കുന്നത്. അനധികൃത ബോർഡുകൾക്കെതിരെ ഹൈക്കോടതിയുടെയും സർക്കാരിന്റെയും ആവർത്തിച്ചുള്ള ഇടപെടലുകളുണ്ടായിട്ടും ബന്ധപ്പെട്ടവർ ഉറക്കം നടിക്കുകയാണ്. പാതയോരങ്ങളിലെ നിയമവിരുദ്ധ പരസ്യ ബോർഡുകൾക്ക് എതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാകളക്ടർ, പൊലീസ് കമ്മീഷ്ണർ, ജില്ലാപൊലീസ് മേധാവി എന്നിവർക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ നടപടി യഥാസമയം സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വ്യാപകപരാതി ഉയരുമ്പോൾ മാത്രം പരിശോധന നടത്തുന്നതായും ആക്ഷേപമുണ്ട്.
പലതും
അപകടഭീഷണിയിൽ
പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പലപരസ്യബോർഡുകളും വൻ അപകടഭീഷണി ഉയർത്തുന്നതാണ്. ഇത്തരം ബോർഡുകൾ പലപ്പോഴും റോഡിലേക്ക് മറിഞ്ഞുവീഴാറുമുണ്ട്. മൂന്നാഴ്ചകൾക്കുമുമ്പ് തൊടുപുഴ നഗരത്തിൽ കാഞ്ഞിരമറ്റം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യബോർഡ് കാറ്റത്ത് ഇളകി കാൽനട യാത്രികന്റെ നേർക്ക് പതിച്ചെങ്കിലും ഇദ്ദേഹം ഓടിമാറിയതിനാൽ ദേഹത്ത് വീഴാതെ വൻ അപകടമാണ് ഒഴിവായത്. പലയിടത്തും ഉയർന്നസ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ ശക്തമായ കാറ്റിലോ, മഴയിലോ മറിഞ്ഞുവീണാൽ വലിയ ദുരന്തമുണ്ടാകാൻ സാധ്യതകൾ ഏറെയാണ്. കാലവർഷം സജീവമായിത്തുടങ്ങിയതോടെ ഇക്കാര്യത്തിൽ അധികൃതർ ഉടനടിനടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |