ഇടുക്കി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ് " ഐടി ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ 'സ്റ്റുഡന്റ് മെന്റർ" പദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 241 സ്റ്റുഡന്റ് മെന്റർമാർക്കുള്ള കൈറ്റ് പരിശീലനം വിജയകരമായി പൂർത്തിയായി. നിലവിൽ ജില്ലയിലെ 92 സ്‌കൂൾ യൂണിറ്റുകളിലായി 5457 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. പദ്ധതിയുടെ ഭാഗമായി 226 അദ്ധ്യാപകർ ജില്ലയിൽ കൈറ്റ് മെന്റർമാരായി പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പത്ത് കുട്ടികൾക്ക് ഒരു വിദ്യാർത്ഥി എന്ന അനുപാതത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി 241 'സ്റ്റുഡന്റ് മെന്റർമാരെ" തിരഞ്ഞെടുത്തത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പ്രവർത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താത്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ അംഗങ്ങളിൽ നിന്നാണ് സ്റ്റുഡന്റ് മെന്റർമാരെ തിരഞ്ഞെടുത്തത്. ഓരോ സ്‌കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗസംഖ്യയ്ക്ക് അനുസൃതമായി രണ്ട് മുതൽ നാല് വരെ മെന്റർമാരാണ് ഓരോ സ്‌കൂളിലും ഉണ്ടാകുക. യൂണിസെഫിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയ, ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി നെറ്റ്‌വർക്കാണ് 'ലിറ്റിൽ കൈറ്റ്സ് ". പുതിയ ചുമതല ഏറ്റെടുത്ത സ്റ്റുഡന്റ് മെന്റർമാർക്ക് വരും ദിവസങ്ങളിൽ കൈറ്റ് തുടർ പരിശീലനങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
'കേവലം സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം, കുട്ടികളിൽ സഹാനുഭൂതിയും വിനിമയ പാടവവും വളർത്തിയെടുക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം"
-കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്
പ്രധാന ചുമതലകൾ
ഗ്രൂപ്പിലുള്ള പത്ത് കൂട്ടുകാർക്കും ഐ.ടി ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
ഐ.ടി ക്ലാസുകളിൽ അദ്ധ്യാപകരെ സഹായിക്കുക
ക്ലബ്ബിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക
ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പോ സ്മാർട്ട്‌ഫോണോ ഇല്ലാത്ത കുട്ടികൾക്ക് സ്കൂൾ ലാബുകളിൽ പ്രത്യേക സൗകര്യം ഒരുക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |