കട്ടപ്പന: തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിന്മേൽ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടിയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് കട്ടപ്പന നഗരസഭയിലെ വിവിധ സിനിമാ തിയേറ്ററുകളിൽ പരിശോധന നടത്തി. ഉത്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെ വിലവിവര പട്ടിക പ്രദർശിപ്പിച്ചതിനും പഞ്ചായത്ത്/ നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതിനും ബില്ല് കൊടുക്കാതെ വിൽപന നടത്തിയതിനും സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് നൽകി. അളവിൽ കുറച്ച് കാപ്പി വിൽപന നടത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്ത് പിഴ ചുമത്തി. ജില്ലാ സപ്ലൈ ഓഫീസർ ജി. ബീന ഭദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.എ. അബ്ദുള്ള, പൊലീസ് സബ് ഇൻസ്‌പെക്ടർ സുനിൽ മാത്യു എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ നടത്തുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |