തൊടുപുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ കാർ ഇടിപ്പിച്ചു നിറുത്തി യുവാവിനെയും സംഘത്തെയും വടിവാളുകൊണ്ട് ആക്രമിച്ച കേസിൽ ക്വട്ടേഷൻ നേതാവ് ഉൾപ്പെടെ അഞ്ചു പേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും സൂത്രധാരനുമായ കുമാരമംഗലം കുന്നേൽ വീട്ടിൽ കെ. രതീഷ് (41), തൃശൂർ പള്ളിപ്പുറം വീട്ടിൽ റെജിൻ പി. രാജ് (ഡുട്ടു- 36), കുമാരമംഗലം മേക്കുഴിക്കാട്ട് വീട്ടിൽ അഖിൽ ലാൽസൺ (അമ്പട്ടൻ- 29), തൃശൂർ പള്ളിപ്പുറം വീട്ടിൽ പി.എ. അജിത്ത് (അയ്യപ്പൻ- 37), കാളിയാർ സ്വദേശി തച്ചമറ്റത്തിൽ അനുജിത്ത് മോഹനൻ (കുഞ്ഞമ്പിളി) എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. സംഭവശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പാലക്കാട് നിന്ന് വെള്ളിയാഴ്ച രാത്രിയിലാണ് പൊലീസ് പിടികൂടിയത്. രതീഷും അക്രമത്തിനിരയായ കുമാരമംഗലം കരിക്കുംതോട്ടത്തിൽ സനിത്ത് കെ. ശിവനും (34) തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് മുൻകൂട്ടി തയ്യാറാക്കിയ അതിക്രമത്തിൽ കലാശിച്ചതെന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് അറിയിച്ചു. സനിത്തിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 16ന് രാത്രി ഏഴരയോടെ പ്രതികൾ എത്തിയത്. എന്നാൽ പവർ കട്ട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പദ്ധതി പാളുകയായിരുന്നു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവർക്കെതിരെ കാപ്പ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച ആംബുലൻസും സംഭവസമയത്ത് സഞ്ചരിച്ചിരുന്ന കാറും പിക് അപ് വാനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആംബുലൻസിൽ നിന്ന് വടി വാളുകളും കണ്ടെത്തിയിരുന്നു. ഈ വാഹനം വിൽക്കാനായി രണ്ടുമാസം മുമ്പ് രതീഷിനെ ഏൽപ്പിച്ചിരുന്നതായാണ് ഉടമയായ പന്നിമറ്റത്തുള്ള ഡോക്ടർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. സനിത്തും സുഹൃത്തുക്കളായ യുവതികളും സഞ്ചരിച്ചിരുന്ന കാർ രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞു നിറുത്തിയശേഷം ഇവർ ആക്രമിക്കുകയായിരുന്നു. കാറിനും കേടുപാടുകൾ വരുത്തിയിരുന്നു. സി.ഐ കെ.പി. മനേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്ദുശേഖർ, ഷംസുദ്ദീൻ, എ.എസ്.ഐ മധു, സി.പി.ഒമാരായ ബിജു, ജോയ്, അജിമോൻ, റമീസ് സലീം, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |