പയ്യന്നൂർ: നാട്ടിലെ വായനശാലയിൽ നിന്നും സ്‌കൂളിലെയും വീട്ടിലെയും ലൈബ്രറികളിൽ നിന്നും ഇതിനോടകം നാൽപത് പുസ്തകങ്ങൾ വായിച്ചു തീർത്തു എന്ന പത്ത് വയസ്സുകാരിയുടെ സന്തോഷ വാർത്ത അറിഞ്ഞ വല്യച്ഛൻ അവൾക്കൊരു വാക്ക് കൊടുത്തു, നൂറ് പുസ്തകം വായിച്ച് തീർത്താൽ ഒരു സമ്മാനം തരുമെന്ന്. വല്യച്ഛന്റെ പ്രോത്സാഹനം രണ്ട് വർഷത്തിന് ശേഷം തന്റെ പന്ത്രണ്ടാം വയസ്സിൽ പൂർത്തീകരിച്ച് സമ്മാനത്തിന് അർഹയായിരിക്കുകയാണ് കാനായി അണക്കെട്ടിന് സമീപത്തെ അളക മോൾ. പ്രശസ്ത ശില്പി ഉണ്ണി കാനായിയുടെ പിതാവിന്റെ സഹോദര പുത്രനായ സതീഷ് പുളുകൂലിന്റെയും രമ്യാ സതീഷിന്റെയും മകളായ അളക കടന്നപ്പള്ളി യു.പി. സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
അളക നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം ഉണ്ണിയെ കണ്ടപ്പോൾ താൻ ഇതുവരെയായി 40 പുസ്തകം വായിച്ചു തീർത്തു എന്നു അഭിമാനത്തോടെ പറഞ്ഞത്. കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, നൂറ് പുസ്തകം വായിച്ച് തീർത്താൽ സമ്മാനം തരാമെന്ന് പറഞ്ഞതെന്ന് ഉണ്ണി കാനായി പറഞ്ഞു. വല്യച്ഛന്റെ വാക്ക് മുഖ വിലക്കെടുത്ത അളക നൂറിന് പകരം 109 പുസ്തകമാണ് തന്റെ വിദ്യാഭ്യാസ പഠനത്തോടൊപ്പം ഈ കാലയളവിൽ വായിച്ചു തീർത്തത്. വായിച്ച ഓരോ പുസ്തകത്തിന്റെയും ഗ്രന്ഥകർത്താവിന്റെയും പേരടക്കം ഒരു പുസ്തകത്തിൽ എഴുതി സൂക്ഷിച്ചാണ് 109 പുസ്തകങ്ങൾ വായിച്ചതായി അളക സാക്ഷ്യപ്പെടുത്തുന്നത്.
കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന്റെ "ഇന്ത്യൻ നാടോടി കഥകൾ" തുടങ്ങി എൻ. മൂസ്സകുട്ടിയുടെ "ഇന്ത്യൻ മഹത് വ്യക്തിത്വങ്ങൾ" വരെയുള്ള 109 പുസ്തകങ്ങളാണ് അളക വായിച്ച് തീർത്തതെന്ന്, വായിച്ച പുസ്തകങ്ങളുടെ പേരുകളും എണ്ണവും പരിശോധിച്ച് ഉണ്ണി കാനായി പറഞ്ഞു.
താൻ പറഞ്ഞ വാക്ക് പാലിക്കുന്നതിനായി, പുസ്തകം നെഞ്ചോടുചേർത്ത് ചിരിച്ചിരിക്കുന്ന അളകയുടെ ശില്പം തന്നെയാണ് ഉണ്ണി സമ്മാനിക്കുന്നത്. 4 അടി ഉയരവും 3 അടി വീതിയുമുള്ള കളിമൺ ശില്പം വായനാ ദിനമായ ഇന്ന് അളകയ്ക്ക് സമ്മാനിക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |