കണ്ണൂർ: അയോദ്ധ്യയിലും ബദരീനാഥിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന അമ്പലക്കൊള്ളയ്‌ക്കെതിരെ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിൽ അമ്പലക്കൊള്ള നടത്തിയവർ മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം അവസാനിക്കുന്ന വിഷയമല്ല. ക്ഷേത്ര വിശ്വാസത്തിന്റെ പേരിൽ ബി.ജെ.പിയും ബജ്രംഗ്‌ദളും അമ്പലങ്ങൾ കൊള്ളയടിക്കുകയാണെന്നും ഇത് വിശ്വാസത്തിനെതിരായ നേരിട്ടുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഗവൺമെന്റ് നിയമിച്ച ട്രസ്റ്റിന്റെ കീഴിൽത്തന്നെ കൊള്ള നടക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന സർക്കാർ വ്യവസ്ഥാപിത നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഒരു തീരുമാനവും കൈക്കൊള്ളില്ല.
വിഴിഞ്ഞം വിഷയത്തിലും സംസ്ഥാന താൽപര്യം സംരക്ഷിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ താൽപര്യത്തിന് ഹാനികരമായ ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |