SignIn
Kerala Kaumudi Online
Thursday, 06 August 2026 1.43 AM IST

കണ്ണൂരിൽ തെരുവുനായ കടിച്ചുപറിച്ചത് 10 പേരെ

dog
തെരുവുനായ

കണ്ണൂർ: നഗരത്തിൽ തെരുവുനായയുടെ പരാക്രമണത്തിൽ വൃദ്ധൻ ഉൾപ്പെടെ പത്തു പേർക്ക് കടിയേറ്റു.
ഇന്നലെ രാവിലെ 6 മുതൽ കണ്ണൂർ സിറ്റി, ആയിക്കര, കണ്ണൂർ ആശുപത്രി ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഗുഡ്‌സ് ഡ്രൈവറായ ചക്കരക്കൽ മുഴപ്പാലയിലെ സതീശന് (55) കണ്ണൂർ ആയിക്കര ഭാഗത്തു നിന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടനെ കാലിനാണ് പിറകിൽ നിന്നെത്തിയ നായയുടെ കടിയേറ്റത്. ആയിക്കരയിലെ മത്സ്യത്തൊഴിലാളികളായ മുന്ന സാഹ (40), രത്‌നപാണ്ഡി (40), സക്കിലാലം (45), താണയിലെ അജയ് ഹനീഷ് (32), കണ്ണൂർ സിറ്റിയിലെ സലീം (40), വിനയൻ (62), തയ്യിലിലെ അജയൻ (55), സെയ്ദ് അലാരി (75), കടലായിയിലെ ലത്തീഫ് (58) എന്നിവർക്കാണ് കടിയേറ്റത്.

നഗരത്തിലെ വിവിധയിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കടകളുടെയും മറ്റും സമീപ ഭാഗങ്ങളിൽ പകൽ തമ്പടിക്കുന്ന നായ്ക്കൾ രാത്രി മുഴുവൻ മേഖലയും കൈയടക്കും. പിന്നീട് രാവിലെ വരെ ഇവയുടെ അഴിഞ്ഞാട്ടമാണ്. പഴയ ബസ് സ്റ്റാൻഡ് പരിസരം, കളക്ടറേറ്റ് റോഡ്, കാൾടെക്‌സ്, കണ്ണൂർ സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.

2000

ജില്ലയിൽ ആകെ 2000 നായ്ക്കളുണ്ടെന്നാണ് കണക്ക്. രാവിലെ സ്‌കൂളിലേക്കു പോകുന്ന കുട്ടികൾക്ക് തെരുവു നായ്ക്കൾ ഭീഷണിയാണ്. സ്‌കൂൾ ബസിൽ കയറാനായി വീടിനു പുറത്തിറങ്ങാൻ പോലും കുട്ടികൾ പേടിക്കുകയാണ്. ഭക്ഷണം കിട്ടുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കൾ തമ്പടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

കോഴി മാലിന്യം എത്തിക്കുന്നതായി പരാതി

അതിനിടെ തെരുവുനായ സ്‌നേഹിയായ സ്ത്രീ കണ്ണൂർ നഗരത്തിൽ തെരുവുപട്ടികൾക്കായി വ്യാപകമായി കോഴി മാലിന്യങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നു. മിക്കവാറും ദിവസങ്ങളിൽ വൈകീട്ട് 7 മുതൽ പ്ലാസ ജംഗ്ഷൻ മുതൽ സ്റ്റേഡിയം കോർണർ വരെ ഓട്ടോറിക്ഷയിൽ എത്തി തെരുവുപട്ടികൾക്കായി നൽകാൻ ശേഖരിച്ച കോഴി ഇറച്ചി മാലിന്യങ്ങൾ തള്ളുന്നതായി കച്ചവടക്കാരും ഡ്രൈവർമാരും പറയുന്നു.

സഞ്ചിയിൽ ശേഖരിച്ച ഇറച്ചി മാലിന്യം റോഡിൽ പല സ്ഥലങ്ങളിലായി വിതറുന്നത് നാട്ടുകാർ ചോദ്യം ചെയ്യാറുണ്ടെങ്കിലും ഓട്ടോറിക്ഷയിൽ കറങ്ങുകയാണ് ഇവർ. നിരവധി തെരുവു നായകൾ ഇത് തേടിയെത്തുന്നത് നാട്ടുകാരിൽ ഭീതി ഉളവാക്കുകയാണ്. മാലിന്യം തള്ളുന്നത് സംബന്ധിച്ച് നാട്ടുകാർ പൊലീസിലും കോർപറേഷനിലും വിവരമറിയിച്ചിട്ടുണ്ട്.

ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി പാളി

തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി പാടെ പാളിയതാണ് തെരുവുനായ പ്രശ്നം രൂക്ഷമാക്കിയത്. കണ്ടെത്തിയ സ്ഥലത്ത് നാട്ടുകാർ എതിർപ്പുമായെത്തിയതോടെ ഷെൽട്ടർ പ്രഖ്യാപനം മരവിച്ച മട്ടാണ്. താത്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് വെല്ലുവിളിയെന്ന് കോർപറേഷൻ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DOGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL