SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കൗമാരക്കാരെ കാണാതാവുന്നു ഒരാഴ്ചയ്ക്കിടെ 3 പേർ 

shiva-soorya-
ശിവസൂര്യ

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാണാതായത് മൂന്ന് കൗമാരക്കാരെ. 18 വയസിൽ താഴെയുള്ളവരെയാണ് ജില്ലയിലെ പലയിടങ്ങളിൽ നിന്നും കാണാതായത്. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്താതാകുമ്പോഴാണ് പലപ്പോഴും വീട്ടുകാരും നാട്ടുകാരും സംഭവമറിയുക.

അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ രക്ഷിതാക്കൾ നേരിട്ടെത്തി പരാതി നൽകിയതോടെ സോഷ്യൽ മീഡിയ വഴിയും അന്വേഷണം ഊർജിതമാക്കുകയാണ്.

കാണാതായവരിൽ ഒരാളെ കഴിഞ്ഞ ഞായാറാഴ്ച കണ്ണൂർ റെയിൽവെ സ്‌റ്റേഷന് സമീപത്തുവെച്ച് കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പേരെ പറ്റിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതാണ് ഇത്തരത്തിലുള്ള ഏറ്റവുമൊടുവിലത്തെ സംഭവം. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.

മൊബൈൽ ഗെയിം പതിവാക്കിയത് പിതാവ് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടതെന്നാണ് നിഗമനം. ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിവച്ചിരുന്നെന്ന് അച്ഛൻ ജിഗീഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ശിവസൂര്യ വീട് വിട്ടിറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുമ്പാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ട്രെയിനുകൾ, ബസുകൾ, നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പ്രണയവും ഓൺലൈൻ ഗെയിമും

മൊബൈൽ ഗെയിമിംഗ് മുതൽ പ്രണയം വരെ കൗമാരക്കാരെ കാണാതാവുന്നതിനു പിന്നിലെ കാരണങ്ങളാണെന്നാണ് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നതും ഇതുതന്നെ. രക്ഷിതാക്കളുടെ ഫോൺ ഉപയോഗിച്ച് പലതരത്തിലാണ് കൗമാരക്കാർ ഉപയോഗിക്കുന്നത്. റീൽസ് കാണാൻ വേണ്ടി മാത്രമല്ല, ഓൺലൈൻ ഗെയിമിംഗ് കളിക്കാൻ ഭീമമായ തുക വരെ നഷ്ടപ്പെട്ടവർ ഇതിലുണ്ട്. ചില കുട്ടികൾ പ്രണയക്കുഴിയിൽ വീഴുന്നതും പതിവാണ്.

കരുതിയിരിക്കണം രക്ഷിതാക്കൾ

1. വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗം നിരീക്ഷണവിധേയമാക്കണം

2. കൗൺസിലിംഗ് ക്ലാസുകളും ബോധവത്കരണവും ശക്തമാക്കണം.

3. മൊബൈൽ ഫോണിൽ ചെയ്യുന്ന ആക്റ്റിവിറ്റികൾ കൃത്യമായി പരിശോധിക്കണം

4. വീട്ടിൽ നിന്ന് സ്‌കൂളിലെത്തിയോ എന്ന് നിരീക്ഷിക്കണം
5. സഹപാഠികളെ പറ്റി കൃത്യമായി അറിയുകയും വേണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL