SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

വേതന പ്രതിസന്ധിയിൽ പുകഞ്ഞ് സ്കൂൾ പാചക തൊഴിലാളികൾ

pachakam
സ്കൂൾ പാചക തൊഴിലാളികൾ

കണ്ണൂർ ജില്ലയിൽ പാചക തൊഴിലാളികൾ 800ന് മുകളിൽ

കണ്ണൂർ: സ‌ർക്കാ‌ർ മാറിയിട്ടും വേതന പ്രതിസന്ധിയിൽ വലഞ്ഞ് സ്കൂൾ പാചക തൊഴിലാളികൾ. മാർച്ചിലെ ശമ്പളത്തിന് ശേഷം അഞ്ച് മാസം പിന്നിടുമ്പോൾ അനുവദിച്ചു എന്ന് പറയുന്ന ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളം പോലും കിട്ടാത്ത സ്ഥിതിയാണ്. രണ്ട് മാസത്തെ ശമ്പളം നൽകുന്നതിനായി 44 കോടി രൂപയിലധികം അനുവദിച്ചു കൊണ്ട് ആഗസ്റ്റ് ഒന്നിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിന്റെ ഗുണഫലം തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.

വേനലവധിക്കാലത്ത് ലഭിച്ച 2000 രൂപയുടെ തുച്ഛമായ അലവൻസ് മാത്രമാണ് മിക്ക തൊഴിലാളികൾക്കും ലഭിച്ചത്. പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപ അലവൻസ് ഉൾപ്പെടെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ നിലവിൽ വേതനം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്ക് സ്കൂൾ പാചക തെഴിലാളി യൂണിയൻ നൽകിയ നിവേദനത്തിലെ ഒന്നാമത്തെ ആവശ്യം പണിയെടുക്കുന്നതിനുള്ള വേതനം യഥാസമയം നൽകണമെന്നതായിരുന്നു. പണം അനുവദിച്ച് ഉത്തരവിറക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് വേതനം തടയുകയാണെന്നും തൊഴിലാളികൾ പറഞ്ഞു.

ബി.ഐ.എം.എസ് സംവിധാനം

ബി.ഐ.എം.എസ് എന്ന പുതിയ സംവിധാനത്തിലൂടെ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് വഴി ശമ്പളം വിതരണം ചെയ്യേണ്ടി വരുമ്പോൾ ഉപജില്ലകൾക്ക് ആവശ്യമായി വരുന്ന തുക പത്ത് ലക്ഷത്തിൽ അധികമാണെങ്കിൽ, ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നതാണ് കാലതാമസത്തിന് കാരണമായി ബന്ധപ്പെട്ടവ‌ർ പറയുന്നത്. എന്നാൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് ആക്ഷേപം.

തൊഴിൽ ദിനങ്ങൾ കുറഞ്ഞു

കാലവർഷക്കെടുതി മൂലമുണ്ടായിട്ടുള്ള പൊതുവായ ദുരിതങ്ങൾക്ക് പുറമെ സ്കൂളുകൾക്ക് നിരന്തരമായി പ്രഖ്യാപിച്ച അവധികൾ മൂലം സ്കൂൾ പാചക തൊഴിലാളികൾക്ക് ഗണ്യമായ വരുമാന നഷ്ടവുമുണ്ടായിട്ടുണ്ട്. ഓണാവധി കൂടി വരുന്നതോടെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നാമമാത്രമായി ചുരുങ്ങും. ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കാലവർഷക്കെടുതി ദുരിതാശ്വാസ പട്ടികയിൽ ഉൾപ്പെടുത്തി അർഹമായ പ്രത്യേക സഹായവും ഉത്സവബത്തയായി ഒരു മാസത്തെ വേതനവും അനുവദിച്ച് ഓണത്തിന് മുൻപേ സ്കൂൾ പാചക തൊഴിലാളികൾക്ക് വിതരണം ചെയ്യണം .

പി .ജി . മോഹനൻ, ജനറൽ സെക്രട്ടറി (എ.ഐ.ടി.യു.സി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL