SignIn
Kerala Kaumudi Online
Sunday, 20 September 2026 6.48 PM IST

നെൽപാടങ്ങൾ കീഴടക്കി വരിനെല്ലുകൾ

vari
നെൽപാടങ്ങളിൽ നിറഞ്ഞ വരിനെല്ലുകൾ

കല്യാശ്ശേരി: ഓണാഘോഷങ്ങൾ കഴിയുമ്പോഴും പാടങ്ങളിൽ നിറഞ്ഞു നിൽക്കേണ്ട സ്വർണ കതിർകുലകൾ നിറഞ്ഞ നെൽപാടങ്ങൾ കാണാനില്ല. അതേസമയം കർഷകർ അസുരവിത്തെന്ന് വിശേഷിപ്പിക്കുന്ന നെൽകൃഷിയുടെ പ്രധാന കളയായ വരിനെല്ലുകൾ പാടങ്ങളെ പൂർണമായി വിഴുങ്ങുകയാണ്.
ചിങ്ങം പിറന്നാൽ നെൽകതിർ നിറഞ്ഞ പാടങ്ങൾ ഗ്രാമ ഗ്രാമാന്തരങ്ങളിൽ അതത് നാടിന്റെ സമ്പൽ സമൃദ്ധിയുടെ പ്രതീകങ്ങളായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും നെൽകൃഷിയോട് തന്നെ വിട പറയുന്ന കർഷക സമൂഹവും വലിയ നഷ്ടങ്ങളും കാരണം പൊൻകതിർ കുലങ്ങൾ നിറഞ്ഞ പാടങ്ങൾ അപൂർവ കാഴ്ച.
കല്യാശ്ശേരി, പാപ്പിനിശ്ശേരി, മൊറാഴ പ്രദേശങ്ങളിലായി നൂറുകണക്കിന് ഏക്കർ നെൽകൃഷി പാടങ്ങളാണ് തരിശായി കിടക്കുന്നത്. പാടങ്ങൾ വർഷങ്ങളായി തരിശായി കിടക്കുമ്പോൾ വരിനെല്ലുകൾ കീഴടക്കി സമീപങ്ങളിലെ പുരയിടങ്ങളിലും കയറി തഴച്ചു വളരുകയാണ്. കല്യാശ്ശേരി, പാപ്പിനിശ്ശേരി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 200 ഏക്കറിൽ അധികം വരുന്ന മംഗലശ്ശേരി താവ പൂർണമായി വരിനെല്ലിന്റെയും മറ്റു കളകളുടെയും പിടിയിലാണ്. ഇതോടൊപ്പം കണ്ടൻചിറ, പാറക്കടവ്, കൂരാത്ത്, ഇടപ്പള്ളി, കോലത്തു വയൽ, പഴഞ്ചിറ തുടങ്ങിയ മേഖലകളിലും വരിനെല്ലുകളാണ് പാടങ്ങൾ നിറയെ.

മൂന്നു വിളവെടുത്ത പാടങ്ങൾ കാടുകയറി

നിലവിൽ വരിനെല്ലുകളും മറ്റു കളകളും നിറഞ്ഞ പാടങ്ങൾ പതിറ്റാണ്ടുകളായി തരിശായി കിടക്കുകയാണ്. ഈ പാടങ്ങളിൽ ബഹു ഭൂരിഭാഗവും ഒന്നാം വിള, രണ്ടാം വിള നെൽകൃഷിയും ഇടവിളയായി പയർ കൃഷികളും സമൃദ്ധമായി കൃഷി ചെയ്തിരുന്നു. കനത്ത നഷ്ടവും തൊഴിലളികളെ ലഭിക്കാത്തതും കാലാവസ്ഥ വ്യതിയാനങ്ങളും കീടശല്യങ്ങളുമാണ് കർഷകരെ കൂട്ടമായി നെൽകൃഷിയിൽ നിന്നും പിന്തിരിപ്പിച്ചത്.

അസുര വിത്ത്
വരിനെല്ലുകൾ ഒരിക്കൽ പാടത്ത് നിലയുറപ്പിച്ചാൽ ശാശ്വതമായി നിലനിൽക്കുന്ന സ്വഭാവമാണ്. പഴയ കാലത്ത് വരിനെല്ല് തിരിച്ചറിഞ്ഞ് കളയാൻ പഴയ കർഷകർക്ക് വലിയ മിടുക്കായിരുന്നു. എന്നാലിന്ന് അത്തരം മിടുക്കുള്ള കർഷകരോ തൊഴിലാളികളോ ഇല്ല. 'വരിനെല്ല് കതിരിൽ പാല് ഉറക്കുന്നതോടെ പൊഴിഞ്ഞ് വീഴുന്നതിനാൽ അരിഞ്ഞ് കളഞ്ഞാലും കളയെ പ്രതിരോധിക്കാനാകുന്നില്ല. വരിനെല്ല് മണ്ണിൽ ഏത് കാലാവസ്ഥയിലും നശിക്കാതെ കിടന്ന് അനുകൂല ചുറ്റുപാട് വരുമ്പോൾ വീണ്ടും തഴച്ചുവളരും. ഈ നെല്ലിന് കൂർത്ത മുള്ളുന്നതിനാൽ നെല്ല് തിന്നുന്ന പക്ഷികളും ഇത് ആഹാരമാക്കാൻ അടുക്കാറില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL