SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

സി.പി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് 10 ദിവസത്തിനകം പയ്യന്നൂരിലെ തോൽവിക്ക് കാരണം വിഭാഗീയത

cpm
സി.പി.എം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ പാർട്ടിക്കുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നിൽ ദീർഘകാലമായി തുടരുന്ന വിഭാഗീയതയാണെന്ന് സി.പി.എം അന്വേഷണ കമ്മിഷൻ കണ്ടെത്തി. കമ്മിഷൻ അംഗം പി. ഹരീന്ദ്രൻ ഇക്കാര്യം പാർട്ടിയുടെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. റിപ്പോർട്ട് ഇനിയും ഔദ്യോഗികമായി പാർട്ടിക്ക് സമർപ്പിച്ചിട്ടില്ലെങ്കിലും കണ്ടെത്തലുകളുടെ പ്രധാന ഭാഗങ്ങൾ അദ്ദേഹം യോഗത്തിൽ അവതരിപ്പിച്ചു.

രക്തസാക്ഷി ഫണ്ടിന്റെ കണക്ക് അവതരണത്തിൽ വീഴ്ചയുണ്ടായെന്നും ഇത് പാർട്ടി അണികൾക്കിടയിൽ വലിയ രോഷത്തിന് കാരണമായെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ധനാപഹരണം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നും അത് കേവലം ആക്ഷേപങ്ങൾ മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വിവാദമാണ് നിലവിലുണ്ടായിരുന്ന വിഭാഗീയതയെ കൂടുതൽ ആളിക്കത്തിച്ചതെന്നാണ് വിലയിരുത്തൽ.
വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നാളുകളേറെയായെന്നും, ഇത് തുടക്കത്തിൽ തടയുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും റിപ്പോർട്ട് വിമർശിക്കുന്നു. നേരത്തേ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയതയുമായി ബന്ധപ്പെട്ട പരാതി ഉയർന്നപ്പോൾ ശാസിച്ച് വിട്ടയക്കുകയാണ് ഉണ്ടായതെന്നും, അന്ന് കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതി ഒഴിവാക്കാമായിരുന്നെന്നുമാണ് കണ്ടെത്തൽ. ഇതേത്തുടർന്ന് പയ്യന്നൂരിൽ പാർട്ടി രണ്ട് ചേരികളായി പ്രവർത്തിച്ചെന്നും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുന്നുണ്ടെന്നും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ കമ്മിഷന്റെ അന്തിമ റിപ്പോർട്ട് 10 ദിവസത്തിനകം ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നാണ് സൂചന. ഒക്ടോബർ 13, 14 തീയതികളിൽ കണ്ണൂരിൽ ചേരുന്ന വിശാല ജില്ലാ കമ്മിറ്റിക്ക് മുൻപുതന്നെ ഇത് ചർച്ച ചെയ്ത് നടപടികളിലേക്ക് കടക്കാനാണ് പാർട്ടി തീരുമാനം. ഏരിയ കമ്മിറ്റിയെ പൂർണമായി മാറ്റണോ, ഏരിയ സെക്രട്ടറിയെ മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ സംയുക്തമായാണ് അന്തിമ തീരുമാനമെടുക്കുക.


വാട്സ്ആപ്പ് വഴി രഹസ്യനീക്കം

ഔദ്യോഗിക സ്ഥാനാർത്ഥി ടി.ഐ മധുസൂദനനെതിരെ രാമന്തളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് രഹസ്യമായി പ്രവർത്തിച്ചെന്നതാണ് അന്വേഷണ കമ്മിഷന്റെ ഗുരുതരമായ മറ്റൊരു കണ്ടെത്തൽ. പരസ്യമായി പ്രചാരണത്തിൽ സജീവമായി കണ്ട പലരും വാട്സ്ആപ്പ് ചാറ്റുകളിലൂടെയും മറ്റും സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചോർത്താൻ ശ്രമിച്ചതായി റിപ്പോർട്ട് പറയുന്നു. കുഞ്ഞികൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയേക്കാൾ ഗുണകരമെന്ന് വിലയിരുത്തിയ പാർട്ടി നിലപാടും വോട്ട് ചോർച്ച സമയബന്ധിതമായി കണ്ടെത്താൻ ഏരിയ കമ്മിറ്റിക്ക് കഴിയാതെ പോയതും വീഴ്ചകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL