SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

ഓപ്പറേഷൻ ഗ്രിപ്പിൽ തിളങ്ങി വീണ്ടും കണ്ണൂർ സ്ക്വാഡ് മണികണ്ഠൻ വധക്കേസിലെ പിടികിട്ടാപ്പുള്ളി 14 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ph-1

കണ്ണൂർ: ഓപ്പറേഷൻ ഗ്രിപ്പിൽ പിടികിട്ടാപ്പുള്ളിയെ 14 വർഷങ്ങൾക്ക് ശേഷം പിടികൂടി കണ്ണൂർ സ്ക്വാഡ്. കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സി.ആനന്ദിനെ (41) ആണ് കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.2012ൽ വളപട്ടണം സ്റ്റേഷൻ പരിധിയിലെ കാക്കംപാലത്ത് തമിഴ്നാട് സ്വദേശിയായ മണികണ്ഠനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. തമിഴ്നാട്ടിലെ കോയമ്പത്തൂർ കങ്കയംപാളയത്ത് നിന്നാണ് അന്വേഷണസംഘം ഈയാളെ പിടികൂടിയത്.

ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ആനന്ദിലേക്കുള്ള അന്വേഷണം നീണ്ടു പോവാനിടയാക്കി. പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഈയാൾ മാറിമാറി താമസിച്ചു വരികയാണെന്ന് കണ്ടെത്തി. ഒടുവിൽ പ്രതിയുടെ വീടും പൊലീസ് സംഘം കണ്ടെത്തി. തമിഴ്നാട്ടിലെ സുലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021ൽ നടന്ന മറ്റൊരു കൊലപാതകത്തിലും ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പിന്നാലെ രഹസ്യ അന്വേഷണം നടത്തി. കോയമ്പത്തൂർ കങ്കയംപാളയത്തെ വീട്ടിൽ ഈയാൾ ഇടയ്ക്കിടെ എത്താറുണ്ടെന്ന വിവരവും ഇതിനിടയിൽ പൊലീസിന് ലഭിച്ചു.തുടർന്ന് സംഘം കൃത്യമായ അവസരം കണ്ടെത്തി ഈയാളെ പിടികൂടുകയായിരുന്നു

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.കാർത്തികിന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭാരത് റെഡ്ഡിയുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ ഗ്രിപ്പ് പുരോഗമിക്കുന്നത്.കമ്മിഷണറുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ എ.സി.പി, വി.വി. മനോജ്, കണ്ണൂർ ടൗൺ എ.സി.പി എം.പി.ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടിയിലായി; ജാമ്യത്തിലിറങ്ങി മുങ്ങി

2012 ഡിസംബർ രണ്ടിന് അഴീക്കോട് പഞ്ചായത്തിലെ കാക്കംപാലത്തെ ഇസ്മയിൽ ക്വാർട്ടേഴ്സിന് സമീപം രാത്രി ഏഴേകാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മരക്കഷണം കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ ആനന്ദിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ഈയാൾ ഒളിവിൽ പോവുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL