
കണ്ണൂർ:തെക്കി ബസാർ ഫ്ളൈ ഓവർ നിർമ്മാണത്തിന് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് നിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതോടെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിൽ. സെപ്തംബർ 17 തീയതിയിൽ ഇറക്കിയ ഉത്തരവ് നോട്ടീസ് ഒരു ദിവസത്തിനു ശേഷമാണ് കടകളിൽ പതിച്ചത്.ഇതിലാണ് 19ന് രാവിലെ 11 മണിക്കകം ഒഴിഞ്ഞു പോവുന്നതിന് അന്ത്യശാസനമുള്ളത് .
തെക്കീ ബസാർ മക്കാനി മുതൽ കാൽടെക്സ് ചേംബർ ഓഫ് കൊമേഴ്സ് വരെ നീളുന്ന 900 മീറ്റർ ഫ്ലൈ ഓവറിനെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി തുടക്കത്തിലെ വ്യാപാരികൾ എതിർത്തിരുന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ 36 ഓളം വ്യാപാരികൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിവിധി ഭൂമി ഏറ്റെ
ടുക്കലിന് അനുകൂലമായതിന് പിന്നാലെ ലാൻഡ് അക്വിസിഷൻ വിഭാഗം ഒഴിപ്പിക്കൽ നോട്ടീസ് കടകളിൽ പതിപ്പിക്കുകയായിരുന്നു.നിയമ പ്രകാരം ഭൂമി ഡിപ്പാർട്ട്മെന്റിന് കൈമാറാൻ നിർബന്ധിത നടപടികൾ സ്വീകരിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ സമീപിക്കുമെന്നും നോട്ടീസിലുണ്ട്. ഒഴിപ്പിക്കലിനെതിരെ കോടതിയെ സമീപിച്ച വ്യാപാരികൾ നഷ്ടപരിഹാരം കൈപ്പറ്റിയിരുന്നില്ല. നഷ്ടപരിഹാര തുക കോടതിയിൽ അടച്ചിട്ടുണ്ടെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.
ആദ്യഘട്ടത്തിൽ തന്നെ ചില ചെറുകടകൾ ഒഴിഞ്ഞിരുന്നു. പ്രധാന വ്യാപാരസ്ഥാപനങ്ങളിൽ ചിലരാണ് ഒഴിപ്പിക്കലിനെതിരെ കേസ് കൊടുത്തത്. വികസനത്തിനും ഫ്ലൈ ഓവറിനും വ്യാപാരികൾ എതിരല്ലെന്നും സ്ഥിരം ഗതാഗത കുരുക്ക് ഉണ്ടാവുന്ന പള്ളിക്കുന്ന് മുതൽ മെലേ ചൊവ്വ വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്താതെയും സാമൂഹ്യാഘാത പഠനം നടത്താതെയും ഉചിതമായ നഷ്ടപരിഹാരം നൽകാതെയുമുള്ള തീർത്തും അശാസ്ത്രീയമായാണ് പദ്ധതി പ്രഖ്യാപിച്ചതെന്നുമാണ് വ്യാപാരികളുടെ ആക്ഷേപം.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്, മണ്ഡലം പ്രസിഡണ്ട് കെ.വി. സലീം, ഒ.കെ.റായീസ് തുടങ്ങിയവർ വ്യാപാരികൾക്ക് പിന്തുണയുമായി സ്ഥലത്തെത്തി.
കുരുക്കു മുറുകുമെന്ന് ആക്ഷേപം
മക്കാനി മുതൽ ചേംബർ ഹാൾ വരെ മൂന്ന് വളവുകളോട് കൂടിയുള്ള 900 മീറ്റർ ഫ്ളൈ ഓവർ ഇതിന് താഴെയുള്ള പോക്കറ്റ് റോഡുകളിൽ ഗതാഗത കുരുക്കിനിടയാക്കുമെന്നാണ് ആക്ഷേപം.തിരക്കേറിയ താണ, തളാപ്പ് ഭാഗങ്ങളെ സ്പർശിക്കാത്ത തെക്കി ബസാർ ഫ്ളൈ ഓവർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകില്ലെന്ന് കാണിച്ച് കണ്ണൂർ കോർപറേഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.അശാസ്ത്രീയവും കൂടുതൽ ഗതാഗത കുരുക്കുണ്ടാക്കുന്നതുമാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം വ്യാപാരികൾ തുടക്കത്തിൽ എതിർപ്പിലായിരുന്നു.
പൊളിച്ചുമാറ്റാത്ത നാൽപതോളം കടകളിൽ 500 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കമ്മിഷനെ നിയോഗിച്ച് വ്യാപാരികളുടെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം ഉറപ്പാക്കണം. ബലപ്രയോഗത്തിന് ശ്രമിച്ചാൽ ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ച് ശക്തമായ സമരം നടത്തും.
കെ.വി. സലീം , വ്യാപാരി വ്യവസായി എകോപന സമിതി മേഖല പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |