SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് കിക്കോഫ് കണ്ണൂരും തൃശൂരും നേർക്കുനേർ

foot
കണ്ണൂർ വാരിയേഴ്സ് താരങ്ങൾ പരിശീലനത്തിൽ

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് കിക്കോഫ്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും. രാത്രി 8നാണ് കിക്കോഫ്.

നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് മികച്ച ടീമിനെയാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ തൃശൂരിനെ ഫൈനലിലെത്തിച്ച റഷ്യൻ പരിശീലകൻ ആൻഡ്രെ ചെർണിഷോവാണ് ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലകൻ.

ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളാണ് കണ്ണൂർ വാരിയേഴ്സ് നിരയിലുള്ളത്. ഗോൾ പോസ്റ്റിൽ കേരളത്തിലെ തന്നെ മികച്ച ഗോൾ കീപ്പർ ഹജ്മൽ സക്കീർ, പ്രതിരോധ നിരയിൽ സ്പാനിഷ് താരം വാരോ അൽവാരോയും പരിചയ സമ്പന്നനായ വികാസ് സൈനിയും സൈറുത്കീമയും മനോജും. മധ്യനിരയിൽ കളിനിയന്ത്രിക്കാൻ കാമറൂണിയൻ താരം ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബയും ഉമശങ്കറും. അറ്റാക്കിംഗിൽ കരുത്തുമായി കണ്ണൂർ വാരിയേഴ്സിന്റെ ടോപ് സ്‌കോറർ സ്പാനിഷ് താരം അസിയർ ഗോമസ്. കൂടെ കഴിഞ്ഞ സീസണിലെ എമെർജിംഗ് താരം മുഹമ്മദ് സിനാൻ, സൂപ്പർ താരം നിജോ ഗിബേർട്ടും ഫസലു റഹ്മാനും. സ്‌ട്രൈക്കർ സ്പാനിഷ് താരം ജെറാർഡ് ആർട്ടിഗസും സെർബിയൻ താരം ബോഗ്ദാനും അണിനിരക്കുമ്പോൾ മികച്ച ടീം തന്നെ.
സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയാണ് തൃശൂർ മാജിക് എഫ്സിയുടെ മുഖ്യപരിശീലകൻ. കഴിഞ്ഞ സീണിൽ ടീമിനെ ഫൈനലിലെത്തിച്ച ആൻ്രേഡ ചെർണിഷോവ് ടീം വിട്ടതോടെയാണ് കനേഡയെ ടീമിലെത്തിച്ചത്. സഹപരിശീലകനായി മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരിയും. ഗോൾ പോസ്റ്റിൽ കഴിഞ്ഞ സീസണിലെ മികച്ച കീപ്പറായി തിരഞ്ഞെടുത്ത കമാലുദ്ദീനെ വീണ്ടും ടീമിലെത്തിച്ചു. മദ്ധ്യനിരയിൽ പരിചയസമ്പന്നനായ സൂപ്പർ താരം ലെനി റോഡ്രിഗസ്. ആക്രമണത്തിൽ നവീൻ കൃഷ്ണയും അഫ്സലും പ്രതിരോധത്തിൽ മുഹമ്മദ് ജിയാദിനെയും നിലനിർത്തി.


പ്രവേശനം പ്രത്യേക ഗെയിറ്റിലൂടെ

8നാണ് കിക്കോഫെങ്കിലും വൈകുന്നേരം 6 മുതൽ സംഗീത പരിപാടികൾക്ക് തുടക്കമാകും. ടിക്കറ്റുമായി 5 മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും പ്രവേശനം. പ്ലാറ്റിനം സ്റ്റാൻഡ്, പ്രീമിയം ബോക്സ്, വി.വി.ഐ.പി. ബോക്സ് ടിക്കറ്റുള്ളവർ കാർഗിൽ റോഡിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് എതിർ വശത്തെ ഗെയിറ്റ് നമ്പർ ഒന്നിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. ഫാമിലി സ്റ്റാൻഡിലേക്ക് ഗെയിറ്റ് നമ്പർ 2 വഴിയും എവേ ഫാൻസ് ടിക്കറ്റുള്ളവർ ഗെയിറ്റ് നമ്പർ 2 വഴിയും മറൈനേഴ്സ് ഫോർട്ട് ടിക്കറ്റുള്ളവർ ഗെയിറ്റ് നമ്പർ 3 വഴിയും ജെനെറൽ സൗത്ത് ഗ്യാലറി ടിക്കറ്റുള്ളവർ ഗെയിറ്റ് 4 വഴിയും ബഫ് ടിക്കറ്റുള്ളവർ ആറ്, ഏഴ് ഗെയിറ്റ് വഴിയും അകത്ത് കയറാം. ഡയറക്ടേഴ്സ് ബോക്സിന് ഗെയിറ്റ് അഞ്ച് വഴിയും, ഹോസ്പ്പിറ്റാലിറ്റി സ്റ്റാൻഡ് ടിക്കറ്റ് ഉള്ളവർ ഗെയിറ്റ് ആറ് വഴിയും പ്രവേശിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL