ലിസ്ബൺ : ഏഴാം നമ്പർ ചെങ്കുപ്പായത്തിൽ 23 വർഷം നിറഞ്ഞാടിയ അദ്ഭുതപ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിന്ന് വിരമിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളടിക്കുകയും ചെയ്ത താരമെന്ന റെക്കാഡുമായാണ് 41-ാം വയസിൽ കളംവിടുന്നത്. പോർച്ചുഗലിലെ മദേര ദ്വീപിലെ ദരിദ്ര കുടുംബത്തിൽ നിന്ന് വെല്ലുവിളികളോട് നിരന്തരം പടവെട്ടിയാണ് ലോക ഫുട്ബാളിലെ എക്കാലത്തെയും വിസ്മയ താരമായത്. 2003 ആഗസ്റ്റ് 20ന് കസാഖിസ്ഥാനെതിരെയായിരുന്നു പോർച്ചുഗൽ കുപ്പായത്തിലെ അരങ്ങേറ്റം. അഞ്ചു തവണ ബാലൺ ഡി ഓർ നേടി. ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
അതേസമയം ദീർഘകാലം പോർച്ചുഗീസ് ക്യാപ്‌ടനായ ക്രിസ്റ്റ്യാനോയ്ക്ക് രാജ്യത്തിനായി ലോകകപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും 2016ലെ യൂറോ കപ്പിലും 2019ലേയും 2025ലേയും യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളിലും മുത്തമിടീക്കാനായി. യൂറോപ്പിലെ ഒന്നാം നിര ക്ളബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും റയൽ മാഡ്രിഡിന്റേയും യുവന്റസിന്റേയും നിരവധി കിരീടനേട്ടങ്ങളിൽ നെടുംതൂണായി. ഈ സെപ്തംബറിൽ വെയിൽസിന് എതിരെയാണ് അവസാനമായി കളിച്ചത്. പിന്നാലെ പരിശീലകനുമായി കലഹിച്ച് ദേശീയ ടീം ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ ആ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കരുതിയിരിക്കേയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഗോളുകൾ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയേക്കാം. ട്രോഫികൾ മ്യൂസിയത്തിലെ കാഴ്ചവസ്തുവായി മാറിയേക്കാം. റെക്കാഡുകൾ തകർക്കപ്പെട്ടേക്കാം. പക്ഷേ കാലത്തിന് മായ്ക്കാനാകാത്ത ഒന്നേയുള്ളൂ, ജനഹൃദയങ്ങളിലെ സ്ഥാനം.
- ക്രിസ്റ്റ്യാനോ റൊണാൾഡോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |