കണ്ണൂർ: മലബാറിലെ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേയ്ക്കുള്ള വിമുഖത തുടരുന്നു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഉത്സവകാലത്ത് കൂടുതൽ ട്രെയിനുകൾ അനുവദിക്കുമ്പോൾ അതിന് മംഗളൂരു വരെയുള്ള സ്റ്റേഷനുകളിൽ പലതിനും സ്റ്റോപ്പുകൾ അനുവദിക്കാത്ത സ്ഥിതിയാണ്. അതേസമയം തെക്കൻ കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ഷൊർണൂർ - മംഗളൂരു റൂട്ടിൽ ഓടുന്ന പ്രത്യേക ഉത്സവകാല ട്രെയിനുകൾക്ക് സാധാരണയായി തിരൂരിലും കോഴിക്കോട്ടുമാണ് സ്റ്റോപ് അനുവദിക്കുന്നത്. ചില ട്രെയിനുകൾ വടകര, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും നിർത്തുന്നുണ്ട്. എന്നാൽ കുറ്റിപ്പുറം, കൊയിലാണ്ടി, തലശേരി പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. വാർഷിക വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി റെയിൽവേ തയാറാക്കുന്ന സബർബൻ ഗ്രേഡ് പട്ടികയിൽ മൂന്നാം റാങ്കിലുള്ള തലശേരി, വടകര സ്റ്റേഷനുകളെയും ഒഴിവാക്കുകയാണ്.
കൊവിഡിന് മുമ്പുള്ള ലോക്കൽ ട്രെയിൻ പുനഃസ്ഥാപിക്കാത്തതും കോഴിക്കോട് നിന്നും കണ്ണൂർ റൂട്ടിലേക്കുള്ള യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും കാസർകോട്ടേക്കു കൂടി ഇതു നീട്ടണമെന്ന ആവശ്യത്തിനിടെയാണ് നിർത്തലാക്കിയത്. കോഴിക്കോട്-കണ്ണൂർ പാസഞ്ചറാണ് നിർത്തലാക്കിയത്.
കണ്ണൂരിൽ നിന്ന് വൈകീട്ട് 5.20നു കണ്ണൂർ ഷൊർണൂർ മെമു പുറപ്പെടുന്നതിനാൽ ഒരു മണിക്കൂറിനിടെ അതുവഴി കടന്നുപോകുന്ന എക്സ്‌പ്രസ് ട്രെയിനുകളിലൊന്നും കനത്തതിരക്ക് അനുഭവപ്പെടാറില്ല.
വൈകീട്ട് അഞ്ചിന് കോഴിക്കോടു നിന്നു പുറപ്പെടുന്ന പരശുറാം എക്സ്‌പ്രസിലെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചപ്പോൾ അനുവദിച്ച പാലക്കാട്-കണ്ണൂർ ട്രെയിൻ എക്സ്‌പ്രസ് 5.35ന് കോഴിക്കോട് വിട്ടാൽ കൊയിലാണ്ടിയിലാണ് സ്റ്റോപ്. തുടർന്ന് തലശേരിയിലും കണ്ണൂരിലാണ് നിർത്തുന്നത്. ജഗന്നാഥ ടെംപിൾ ഗേറ്റ്, ധർമടം, എടക്കാട്, കണ്ണൂർ സൗത്ത് എന്നിവിടങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാർ മാഹിയിലും കണ്ണൂരിലുമായി ഇറങ്ങി വീണ്ടും ബസിൽ കയറി വേണം ലക്ഷ്യസ്ഥാനത്തെത്താൻ.
ട്രെയിനുകൾ നീട്ടാം കാസർകോട്ടേക്ക്
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ കണ്ണൂരിൽ നിന്നും വടക്കോട്ടേക്കുള്ള ദുരിതയാത്ര തുടരുകയാണ്. രാവിലെ ഒൻപതിന് കണ്ണൂരിലെത്തുന്ന ഷൊർണൂർ-കണ്ണൂർ മെമു തിരിച്ച് 5.20നാണ് കണ്ണൂരിൽ നിന്നും പുറപ്പെടുന്നത്. അത്രയും സമയം ഈ ട്രെയിൻ ഒന്നാമത്തെ പ്ളാറ്റ്ഫോമിൽ പുറകിലുള്ള ട്രാക്കിൽ വെറുതെ നിർത്തിയിടുകയാണ്. ഇത് കാസർകോടേക്ക് നീട്ടാവുന്നതാണ്. അതേപോലെ ഉച്ചയ്ക്ക് 11.50ന് കണ്ണൂരിൽ എത്തുന്ന എറണാകുളം - കണ്ണൂർ ഇന്റർസിറ്റി പിറ്റേന്ന് പുലർച്ചെ മാത്രമാണ് എക്സിക്യൂട്ടിവ് എക്സ്‌പ്രസായി യാത്ര ചെയ്യുന്നത്. പകൽ ഇത് കണ്ണൂർ-മംഗളൂരു സെക്ഷനിൽ ഓടിക്കാം. പല ട്രെയിനുകളും ഇത്തരത്തിൽ കാസർകോട്ടേക്ക് നീട്ടാൻ സൗകര്യമുണ്ടെങ്കിലും റെയിൽവേ വടക്കൻ കേരളത്തെ പൂർണമായും അവഗണിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |