SignIn
Kerala Kaumudi Online
Saturday, 17 October 2026 3.46 AM IST

സി.പി.എം വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ,​   എത്രത്തോളം തിരുത്തും 

cpm

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ സി.പി.എം തുടങ്ങിവച്ച തിരുത്തൽ നടപടികൾ പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിലെത്തുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം നാളെയും മറ്റന്നാളും കണ്ണൂരിൽ ചേരും. ജില്ലയിലെ പ്രമുഖ നേതാക്കളായ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

2021ൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒൻപതും നേടിയ എൽ.ഡി.എഫിന് ഇത്തവണ കണ്ണൂരിൽ നേരിടേണ്ടിവന്നത് സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ്. സംസ്ഥാന സമിതിക്കു പിന്നാലെ കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന സമിതി യോഗം തോൽവിയുടെ ഉത്തരവാദിത്വം ചർച്ച ചെയ്യുകയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ശാസിക്കുകയും ചെയ്തിരുന്നു. ആ യോഗത്തിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിനെതിരെ, തോൽവിയുടെ ഭാരം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും മേൽ മാത്രം വയ്ക്കുന്നുവെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി രൂക്ഷമായി വിമർശിച്ചത് ശ്രദ്ധേയമായി. ഈ വിമർശനം മറ്റു ജില്ലകളും ഏറ്റെടുത്തതോടെ സംസ്ഥാന നേതൃത്വം സമ്മർദ്ദത്തിലായി. തുടർന്നാണ് 14 ജില്ലകളിലും വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചേരാൻ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി അംഗങ്ങൾക്കു പുറമെ ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും ഓരോ ഏരിയയിൽ നിന്നുള്ള മൂന്നു പ്രതിനിധികളും (ഇവരിൽ ഒരാൾ വനിത) വർഗബഹുജന സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.

പയ്യന്നൂരും തളിപ്പറമ്പും തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ പാർട്ടി നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളും യോഗത്തിൽ ചർച്ചയാകും. ടി.കെ ഗോവിന്ദൻ ഒഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനത്തേക്ക് തളിപ്പറമ്പ് ഏരിയാ സെക്രട്ടറി സന്തോഷിനെ പരിഗണിച്ചേക്കും.


കെ.കെ രാഗേഷിന് പരീക്ഷണം
2025 ഏപ്രിലിൽ എം.വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു മാറിയപ്പോൾ ജില്ലാ സെക്രട്ടറിയായ കെ.കെ രാഗേഷിനാണ് യോഗം ഏറ്റവും നിർണായകം. സ്ഥാനാർത്ഥി നിർണയത്തിലെയും തോൽവിയിലെയും ഉത്തരവാദിത്വമാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. രാഗേഷിനെ മാറ്റുമെന്ന സൂചനകൾ പാർട്ടി വൃത്തങ്ങളിലുണ്ട്. എന്നാൽ സ്ഥാനത്തു നിന്ന് മാറ്റാതെ പരസ്യ ശാസനയിൽ നടപടി ഒതുങ്ങിയേക്കുമെന്നും അഭിപ്രായമുണ്ട്. മാറ്റമുണ്ടായാൽ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ടി.വി രാജേഷിന്റെ പേരിനാണ് മുൻതൂക്കം.

പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ വിപുലീകൃത ജില്ലാ കമ്മിറ്റിക്കു പിന്നാലെ മാറ്റിയത് കണ്ണൂരിലെ ചർച്ചകൾക്ക് ചൂടേറ്റി. എന്നാൽ പാലക്കാട്ടെ നടപടിക്ക് തോൽവിക്കപ്പുറം വ്യക്തിപരമായ പരാതികളും സംഘടനാ വീഴ്ചയും പശ്ചാത്തലമായിരുന്നുവെന്ന വാദവുമുണ്ട്.


യുവ പ്രാതിനിധ്യം, പുതിയ മുഖങ്ങൾ
സംസ്ഥാന കമ്മിറ്റിയിലെന്നപോലെ ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹികൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകാനും ആലോചനയുണ്ട്. പാലക്കാട്ട് എട്ടുപേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയതുപോലുള്ള പുനഃസംഘടനയാണ് കണ്ണൂരിലും പ്രതീക്ഷിക്കുന്നത്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL