SignIn
Kerala Kaumudi Online
Friday, 14 August 2026 6.46 PM IST

പഞ്ചഗുസ്തിയിൽ കരുത്തുകാട്ടി മുണ്ടേമ്മാടിന്റെ ജോഷ്വ

joshwa
ജോഷ്വ പരിശീലനത്തിൽ

നീലേശ്വരം: മിന്നൽ വേഗവും കൈക്കരുത്തും കൊണ്ട് എതിരാളിയുടെ കൈ ഞൊടിയിടയിൽ മേശപ്പുറത്ത് മലർത്തിയടിച്ച് മുണ്ടേമ്മാടിന്റെ പേര് അന്താരാഷ്ട്ര തലത്തിലെത്തിക്കുകയാണ് ജോഷ്വ. ഇടംവലം വിടാതെ കൈക്കരുത്തിൽ വിജയങ്ങൾ തുടർക്കഥയാക്കി നീലേശ്വരം മുണ്ടേമ്മാട് സ്വദേശി ഈ വർഷത്തെ അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിന് തയ്യാറെടുക്കുകയാണ്.

വലംകൈയിലെ ബലം ഇടംകൈയിലും നിറച്ചിരിക്കുന്ന ഈ പെൺകുട്ടി തന്റെ പരിമിത ചുറ്റുപാടിൽനിന്നാണ് പഞ്ചഗുസ്‌തി മത്സരത്തിൽ മിന്നും വിജയങ്ങൾ വെട്ടിപ്പിടിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ജൂനിയർ (പെൺ) വിഭാഗത്തിൽ ഇരട്ട സ്വർണവും ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടവും സീനിയർ വിഭാഗത്തിൽ വലംകൈയിൽ സ്വർണവും ഇടംകൈയിൽ വെള്ളിയും നേടി ജോഷ്വ ഇത്തവണയും തിളങ്ങി.

ഒക്ടോബർ 28 മുതൽ ‌ഡൽഹിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ജോഷ്വയുമുണ്ട്. സംസ്ഥാന മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻപട്ടം നേടിയാണ് ദേശീയ മത്സരത്തിലും ഇപ്പോൾ അന്തർദേശീയ മത്സരത്തിനു മിറങ്ങുന്നത്.

കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ജോഷ്വ 2025 സെപ്‌തംബറിൽ ബൾഗേറിയയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇടംകൈ വിഭാഗത്തിൽ നാലാംസ്ഥാനവും വലംകൈ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളിലെ 22 താരങ്ങളോട് മത്സരിച്ചാണ് ബൾഗേറിയയിൽ ഇന്ത്യക്കായി നേട്ടം കൈവരിച്ചത്. തൃശൂരിൽ നടന്ന 2025 ദേശീയ ചാമ്പൻഷിപ്പിൽ രണ്ട് സ്വർണം നേടി. കഴിഞ്ഞ രണ്ടു വർഷമായി തീവ്രപരിശീലനത്തിലാണ്. നീലേശ്വരം ഫിറ്റ്നസ് വേൾഡിലെ പ്രദീപും ശ്രീജേഷുമാണ് പഞ്ചഗുസ്‌തിയിൽ ജോഷ്വയുടെ മുൻ പരിശീലകർ. ഇപ്പോൾ കാഞ്ഞങ്ങാട് ലയൺസ് ജിംനേഷ്യത്തിലാണ് പരിശീലനം.

2025 ജില്ലാ സ്കൂൾ കായികമേളയിലും താരമായിരുന്നു ജോഷ്വ. സീനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്വർണവും ഡിസ്ക്കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയിൽ വെള്ളി മെഡലും ഷോട്ട്പുട്ടിൽ സ്വർണവും നേടി. കഴിഞ്ഞ വർഷത്തെ സംസ്ഥാന കേരളോത്സവത്തിൽ ഷോട്ട്പുട്ടിൽ സ്വർണം നേടി.

മുണ്ടേമ്മാടിലെ ബോർവെൽ ഏജന്റായ എം. പ്രകാശന്റെയും തയ്യൽ തൊഴിലാളിയായ എ. സീമയുടെയും മകളാണ്. അനുജത്തി ജിഹ നീലേശ്വരം സെന്റ് ആൻസ് സ്കൂൾ വിദ്യാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL