ഓരി (കാസർകോട്): സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന് ഒരു വയസുകൂടി പിന്നിടുമ്പോൾ ഓരിയിലെ പ്രീതയുടെ ഓർമ്മകളിൽ നിറയുന്നത് പടന്ന വടക്കേപ്പുറത്തെ ലക്ഷംവീട് ഉന്നതിയിലെ പഠിതാക്കളും ചിമ്മിനിക്കൂടിന്റെ അരണ്ട വെളിച്ചത്തിൽ പ്രവർത്തിച്ച പഠന കേന്ദ്രവും.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വീടിനടുത്തുള്ള ലക്ഷംവീട് ഉന്നതിയിലെ സാക്ഷരതാ പഠന കേന്ദ്രത്തിലെ ഇൻസ്ട്രക്ടറായി ചുമതല കിട്ടിയത്. 50നും 60നും മുകളിൽ പ്രായമുള്ള 12 പേരാണ് പഠനകേന്ദ്രത്തിൽ. പ്രായം കൂടിയ വെള്ളച്ചി അമ്മ തൊട്ട് ചെറുപ്പക്കാരികളായ നസീമ, താഹിറ വരെ. എല്ലാ ദിവസവും രാത്രി ഏഴിന് ചിമ്മിനിക്കൂടിന്റെയും പാനീസിന്റെയും വെളിച്ചത്തിൽ അവർ അക്ഷരങ്ങൾ എഴുതി പഠിച്ചു. കൃത്യസമയത്ത് തന്നെ സ്ലേറ്റും പുസ്തകവുമായി അവർ എത്തിയതായി പ്രീത ഓർക്കുന്നു. ചെറുപ്പത്തിൽ പഠിക്കാൻ കഴിയാത്ത, അവരുടെ ഉള്ളിലെ വിഷമം മനസ്സിലാക്കി പ്രീത എന്നും എത്തുമായിരുന്നു. ഒരു ദിവസം ടീച്ചർ എത്തിയില്ലെങ്കിൽ അന്വേഷിച്ച് പഠിതാക്കൾ വീട്ടിലേക്ക് പോകും. അവരുടെ മടിയിലെ കോന്തലകെട്ടിൽ പൊതിഞ്ഞു കൊണ്ടു തരാറുള്ള മിഠായികളുടെയും പലഹാരങ്ങളുടെയും മധുരം ഇന്നും നാവിൽ ഊറുന്നു. മാസ്റ്റർ ട്രെയിനർമാരായ ഉദിനൂർ സുകുമാരൻ, സിനിമ നടനായ പി.പി കുഞ്ഞികൃഷ്ണൻ, ഓരി ഇടക്കിയിലെ ശ്യാമള ചേച്ചിയും എത്തിയാൽ പാട്ടും കളികളുമായി അന്നത്തെ ദിവസം ഉത്സവമായിരുന്നുവെന്നും പ്രീത ഓർക്കുന്നു.
ഓരിയിലെ പി.കെ പവിത്രന്റെ ഭാര്യയായ പ്രീത 25 വർഷത്തോളം ഓരി പുല്ലൂർമാട് അങ്കണവാടിയിൽ വർക്കർ ആയിരുന്നു. രണ്ടു വർഷമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർ ആയി ചെറുവത്തൂർ പഞ്ചായത്തിൽ സേവനം അനുഷ്ഠിക്കുന്നു.
തമാശകളുമായി നായനാരുടെ സന്ദർശനം
എടാച്ചാക്കൈ പാലം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി ഇ.കെ നായനാർ ലക്ഷംവീട്ടിലെ പഠന കേന്ദ്രത്തിലുമെത്തി. എല്ലാവരും സ്വന്തം കൈപ്പടയിൽ എഴുതിയ നിവേദനം മുഖ്യമന്ത്രിക്ക് നൽകുകയും നായനാർ നർമ്മരസത്തിൽ സാറുമ്മയോട് അത് വായിക്കാൻ പറയുകയും കോളനിയിൽ വെളിച്ചം വേണമെന്ന് തപ്പിത്തപ്പി വായിച്ചതും കൂടി നിന്നവരെ ചിരിപ്പിച്ചു. പിറ്റേ ദിവസം വാർത്തയും ഫോട്ടോയും പത്രത്തിലും ദൂരദർശനിലും വന്നത് എല്ലാവർക്കും വലിയ കാര്യമായി.
ആയിരത്തിരി അക്ഷരത്തിരി ഉള്ളിൽ തെളിക്കുവാൻ നേരമായി നേരമായി, സാക്ഷരതാ യജ്ഞം നാടിൻ മോചനത്തിന്.... പാട്ടിന്റെ വരികൾ ഇന്നും ഹൃദയത്തോട് ചേർത്തു വച്ച് ഓർക്കാൻ കഴിയുന്നത് മഹത്തായ അനുഭവമാണ്. അവരുടെ മനസ്സിലേക്ക് അറിവിന്റെ അക്ഷരദീപം തെളിയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. വെള്ളച്ചിയമ്മ ഇന്ന് ഇല്ല. ബാക്കിയെല്ലാവരും പല സ്ഥലങ്ങളിലായി ഉണ്ടെന്നു തോന്നുന്നു. എല്ലാവരെയും കാണണമെന്നും പഴയ ആ പഠന കേന്ദ്രത്തിൽ ഒത്തുചേരണമെന്നുമുണ്ട്.'
പ്രീത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |