പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടത്തിയ ദൗത്യം പരാജയപ്പെട്ടതായി ആരോപണം. പ്രദേശവാസികളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെ വനംവകുപ്പ് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കിയതാണ് ദൗത്യം ലക്ഷ്യം കാണാതെ പോകാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച ദൗത്യം പരാജയപ്പെട്ടതോടെ ജനങ്ങളുടെ സുരക്ഷ വീണ്ടും പ്രതിസന്ധിയിലായി.
പ്രയോജനമില്ലാതെ ദൗത്യം
കഴിഞ്ഞ ദിവസം രാവിലെ പഞ്ചായത്തിലെ കറവൂർ കാരികുഴിയിലായിരുന്നു ദൗത്യസംഘം ആനകളെ തുരത്തുന്ന പരിപാടികൾ ആരംഭിച്ചത്. വനപാലകർക്ക് പുറമെ ആർ.ആർ.ടി, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യപ്രവർത്തകർ, ദുരന്തനിവാരണ അതോറിട്ടി തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്തമായാണ് ദൗത്യത്തിനെത്തിയത്. പ്രദേശത്ത് കാട്ടാനകളുടെ സാന്നിദ്ധ്യം ഉറപ്പാക്കിയ ശേഷം മൂന്ന് ടീമായി തിരിഞ്ഞ് പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് ആനകളെ ഉൾവനത്തിലേക്ക് ഓടിച്ചത്. ജ്യോതികുമാർ ചാമക്കാല എം.എൽ.എ, പുനലൂർ എ.എസ്.പി ഡോ. അപർണ്ണ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാജികുമാർ, തഹസീൽദാർ എ. സനുസീ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ദൗത്യത്തിൽ പങ്കെടുത്തു.
ജനങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം
ജനപ്രതിനിധികളെ മാത്രം അറിയിച്ച്, പ്രദേശവാസികളായ നാട്ടുകാരെ പൂർണമായും ഒഴിവാക്കിയാണ് വനംവകുപ്പ് പദ്ധതി തയ്യാറാക്കിയത്. കറവൂരിന് പുറമെ ചണ്ണക്കാമൺ, മുള്ളുമല, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ, പെരുംതോയി, പുന്നല അടക്കമുള്ള ജനവാസ മേഖലകളിൽ പട്ടാപ്പകൽ പോലും കാട്ടാനകൾ ഇറങ്ങി നാശം വിതയ്ക്കുകയാണ്. എട്ട് മാസം മുൻപ് കാട്ടാനശല്യം രൂക്ഷമായപ്പോൾ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ദൗത്യത്തിൽ പ്രദേശവാസികളെ ആരെയും സഹകരിപ്പിച്ചില്ല.
കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലങ്ങൾ നാട്ടുകാർക്ക് കൃത്യമായി അറിയാമായിരുന്നിട്ടും അവരുടെ സഹകരണം തേടാതിരുന്നതാണ് ദൗത്യം വിചാരിച്ചത്ര വിജയിക്കാത്തതിന് കാരണമെന്ന് താമസക്കാർ പറയുന്നു. ജനപങ്കാളിത്തത്തോടെ നടത്തിയിരുന്നെങ്കിൽ വൻ വിജയമാകുമായിരുന്ന ദൗത്യമാണ് വനംവകുപ്പിന്റെ ഏകോപനമില്ലായ്മ കാരണം പാഴായതെന്നാണ് നാട്ടുകാരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |