എഴുകോൺ: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് എഴുകോൺ റെയിൽവേ സ്റ്റേഷന് മുന്നിലെ ബസ് വെയിറ്റിംഗ് ഷെഡ് മരം വീണ് തകർന്നിട്ട് ഒന്നര മാസം, അറ്റകുറ്റപ്പണി നടത്തിയതുമില്ല, മരം പൂർണമായും വെട്ടിമാറ്റിയതുമില്ല. മഴയത്ത് യാത്രക്കാർ ഓടിക്കയറുന്നത് വീണ്ടും അപകട സാദ്ധ്യതയുണർത്തുന്നു. റെയിൽവേ ഭൂമിയിലെ മരമാണ് കടപുഴകിയത്. ദേശീയ പാതയോരത്തായി വെയിറ്റിംഗ് ഷെഡ് നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കകമാണ് കടപുഴകിയ മരം ഇതിന് മുകളിലേക്ക് വീണത്. വെയിറ്റിംഗ് ഷെഡിന്റെ മുകൾ ഭാഗം തകർന്നു. മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയെങ്കിലും തടി ഭാഗം ഇപ്പോഴും അപകടാവസ്ഥയിൽ നിൽക്കുകയാണ്. തകർന്ന വെയിറ്റിംഗ് ഷെഡ് അറ്റകുറ്റപ്പണികൾ നടത്താൻ ഇനിയും സംവിധാനമായിട്ടില്ല. മഴക്കാലമായതോടെ യാത്രക്കാർ വെയിറ്റിംഗ് ഷെഡിൽ കയറി നിൽക്കാറുണ്ട്. തകർന്ന് നിൽക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ മുകൾ ഭാഗം അടർന്നുവീഴാനും സാദ്ധ്യതയുണ്ട്. കൂടുതൽ അപകടങ്ങൾ ഉണ്ടാകും മുൻപ് മരം പൂർണമായും വെട്ടിമാറ്റാനും വെയിറ്റിംഗ് ഷെഡ് നവീകരിക്കാനും സംവിധാനമുണ്ടാകണം.
ചെളിക്കുണ്ട് മാറ്റണം
റെയിൽവേ സ്റ്റേഷനിലേക്ക് കടക്കുന്ന ഭാഗത്ത് ദേശീയപാതയോരമാകെ ചെളിക്കുണ്ടാണ്. ഇവിടെ ഇന്റർ ലോക്ക് പാകാനോ, കോൺക്രീറ്റ് ചെയ്യാനോ സംവിധാനമുണ്ടാകണമെന്നാണ് പൊതു ആവശ്യം. എപ്പോഴും യാത്രക്കാർ വന്നുപോകുന്ന ഭാഗമാണ്. ചെളിയിൽക്കൂടി നടന്നാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടത്.
അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണം
എഴുകോൺ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഇനിയും മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഓരോ മഴക്കാലത്തും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ട്. ദേശീയ പാതയിലേക്കും മരങ്ങൾ വീണ് അപകടമുണ്ടായിട്ടുണ്ട്. ഗതാഗത തടസവും ഇതുമൂലം ഉണ്ടാകുന്നു. അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും വെട്ടിനീക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |