SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

സ്വകാര്യ ബസ് പണിമുടക്ക്: നട്ടംതിരിഞ്ഞ് യാത്രക്കാർ

​കൊല്ലം: 'പ്രിയദർശിനി' പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ തുടർന്ന് വരുമാനം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകൾ നടത്തിയ പണിമുടക്കിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ. ഉൾനാടൻ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതോടെ, സാധാരണക്കാർ ഏറെ വലഞ്ഞു.

​ജില്ലയിലെ ഗതാഗതത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് സ്വകാര്യ ബസുകളാണ്. പല ഉൾപ്രദേശങ്ങളിലും ദിവസത്തിൽ രണ്ടോ മൂന്നോ സർവീസുകൾ മാത്രമാണുള്ളത്. ഈ റൂട്ടുകളിലൊക്കെ കെ.എസ്.ആർ.ടി.സിയുടെ സാന്നിദ്ധ്യം തീരെയില്ല. പണിമുടക്ക് മുന്നിൽ കണ്ട് കെ.എസ്.ആർ.ടി.സി ചില പ്രധാന റൂട്ടുകളിൽ സർവീസുകൾ ദീർഘിപ്പിച്ചെങ്കിലും, ഉൾനാടൻ മേഖലകളിലെ യാത്രക്കാരുടെ കഷ്ടപ്പാടിന് പരിഹാരമായില്ല. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ള പരിമിതമായ ബസുകൾ പ്രധാന റൂട്ടുകളിൽ മാത്രമായി ഒതുങ്ങി.

​രാവിലെ ജോലിക്ക് പോകുന്നവരും, സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർത്ഥികളും ബസ് സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. പ്രധാന റോഡുകളിൽ ഓടിയ കെ.എസ്.ആർ.ടി.സി ബസുകളിലാകട്ടെ, തിരക്ക് കാരണം പലർക്കും കയറിപ്പറ്റാനായില്ല.

​ഉയർന്ന നിരക്കിൽ ഓട്ടോറിക്ഷ യാത്ര

​ബസ് സൗകര്യം പൂർണമായും തടസപ്പെട്ടതോടെ, കിലോമീറ്ററുകളോളം നടക്കേണ്ടി വന്നവരും ഉയർന്ന നിരക്ക് നൽകി ഓട്ടോറിക്ഷകളെയും ടാക്സികളെയും ആശ്രയിക്കേണ്ടി വന്നവരും നിരവധിയാണ്. പണിമുടക്ക് വരുമ്പോൾ സാധാരണക്കാരന്റെ പോക്കറ്റാണ് ചോരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL