SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

ജില്ലയിൽ എലിപ്പനി ചികിത്സയ്ക്ക്: കാർഡ് ടെസ്റ്റ് ഫലത്തിന് 5 ദിവസം കാക്കണം

കൊല്ലം: ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിച്ചിട്ടും രോഗം തിരിച്ചറിയാൻ അഞ്ചുദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് ആശങ്കക്കിടയാക്കുന്നു. നിലവിൽ ജില്ലയിൽ എലിപ്പനി സംശയിക്കുന്നവരിൽ പ്രാഥമിക കാർഡ് പരിശോധന മാത്രമാണ് നടക്കുന്നത്.

ഇതിന്റെ പരിശോധനാഫലം ലഭിക്കാൻ അഞ്ചുദിവസം വരെ വേണ്ടിവരും. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെയും അടിയന്തര പ്രാധാന്യമുള്ള കേസുകളിലും സാമ്പിളുകൾ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്. മഴ ശക്തമായതോടെ എലിപ്പനി സംശയിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു.

ജൂലായ് 17 വരെ ജില്ലയിൽ 15 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മഴക്കാലം ആരംഭിച്ചശേഷം ഇതുവരെ ഏഴുപേർ രോഗം ബാധിച്ച് മരിച്ചു. തിരുവനന്തപുരം ലബോറട്ടറിയിലേക്ക് അയയ്ക്കുന്ന സാമ്പിളുകൾ മുൻഗണനാ ക്രമത്തിലാണ് പരിശോധിക്കുന്നത്. ഗുരുതര കേസുകളിൽ വേഗത്തിൽ ഫലം ലഭ്യമാക്കാൻ കഴിയുന്നുണ്ടെങ്കിലും സാധാരണ സാമ്പിളുകളിൽ പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്.

എലിപ്പനിക്ക് ചികിത്സ വൈകിയാൽ വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ഗുരുതരമായി ബാധിച്ച് മരണത്തിലേക്ക് നയിക്കും. അതിനാൽ രോഗലക്ഷണങ്ങൾ ശക്തമാണെങ്കിൽ പരിശോധനാഫലം കാക്കാതെ ചികിത്സ ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ ജില്ലയിൽ അതിവേഗ പരിശോധനാ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

ആർ.ടി.പി.സി.ആർ ടെസ്റ്റിന്

ജില്ലയിൽ സൗകര്യമില്ല

സാമ്പിളുകൾ തിരുവനന്തപുരത്തേക്ക്

1. എലിപ്പനി മരണസംഖ്യ ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ നിന്നുള്ള സംശയമുള്ള സാമ്പിളുകൾ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് അയച്ച് വേഗത്തിൽ പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉന്നത നിർദേശം

2. ഗുരുതര കേസുകൾക്ക് മുൻഗണന നൽകി പരിശോധന പൂർത്തിയാക്കി ചികിത്സ വേഗത്തിലാക്കാനാണ് തീരുമാനം

3. മഴക്കാലത്ത് വെള്ളക്കെട്ടിലിറങ്ങിയവർക്കും എലിമൂത്രം കലർന്ന വെള്ളവുമായി സമ്പർക്കത്തിൽ വന്നവർക്കും പനി, കടുത്ത പേശിവേദന, തലവേദന, കണ്ണ് ചുവക്കൽ, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം

കാർഡ് ടെസ്റ്റ്

 എലിപ്പനി സംശയിക്കുന്നവരിൽ നടത്തുന്ന പ്രാഥമിക പരിശോധന

 രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ നെഗറ്റീവ് ഫലം ലഭിക്കാൻ സാദ്ധ്യത

 രോഗം സ്ഥിരീകരിക്കാൻ കൂടുതൽ കൃത്യതയുള്ള പരിശോധനകൾ പിന്നീട് വേണ്ടിവരും

 ഫലം ലഭിക്കാൻ സാധാരണ അഞ്ച് മുതൽ ഏഴ് ദിവസം വരെയെടുക്കും

 രോഗലക്ഷണങ്ങൾ ശക്തമാണെങ്കിൽ പരിശോധനാഫലം കാത്തിരിക്കാതെ ചികിത്സ ആരംഭിക്കാറുണ്ട്

ആർ.ടി.പി.സി.ആർ ടെസ്റ്റ്

 ലെപ്റ്റോസ്പൈറ ബാക്ടീരിയയുടെ ജനിതക സാന്നിദ്ധ്യം നേരിട്ട് കണ്ടെത്തുന്ന കൃത്യതയേറിയ പരിശോധന

 രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ എലിപ്പനി സ്ഥിരീകരിക്കാനാകും

 ഗുരുതര രോഗികളുടെയും അടിയന്തര കേസുകളുടെയും സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധിക്കുന്നത്

സംശമുള്ള രോഗികളുടെ പരിശോധന തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിലാണ് നടത്തുന്നത്. മുൻഗണനാ കേസുകളിൽ പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കാൻ സംവിധാനമുണ്ട്.

ആരോഗ്യവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL