കൊല്ലം: ദിവസങ്ങൾക്കകം സംസ്ഥാന കായികമേളകൾ അടക്കം നടക്കേണ്ട കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം പരിപാലനമില്ലാതെ കാടുപിടിച്ച് കിടക്കുന്നു. നിർമ്മാണം പൂർത്തിയാക്കി രണ്ടുവർഷം പോലും തികയും മുമ്പ് സിന്തറ്റിക് ട്രാക്ക് പലയിടത്തും ഇളകിത്തുടങ്ങി. ഗ്യാലറിയിൽ ആൽമരങ്ങൾ മുളച്ചും പരിസരം കാടുകയറിയും നിർമ്മാണാവശിഷ്ടങ്ങളും അപകടഭീഷണിയാണ്.
ആഗസ്റ്റ് 5മുതൽ 8വരെ സ്റ്റേറ്റ് ലെവൽ ഇന്റർ ക്ലബ് മീറ്റും, സെപ്തംബർ 17മുതൽ 19വരെ കൊല്ലം ജില്ലാ അത്‌ലറ്റിക് മീറ്റും മിനി മീറ്റും, ഒക്ടോബർ 3മുതൽ 6വരെ 3000ത്തിലധികം താരങ്ങൾ പങ്കെടുക്കുന്ന കേരള ജൂനിയർ അത്‌ലറ്റിക് മീറ്റുമാണ് നടക്കുക. ആയിരക്കണക്കിന് താരങ്ങളും പരിശീലകരും എത്താനിരിക്കെ സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ ജില്ലയ്ക്കുതന്നെ നാണക്കേടാകും.
നിലവിൽ കിഫ്ബി ഫണ്ടിൽ നിന്ന് 5.47കോടി ചെലവഴിച്ച് പുതിയ പവിലിയൻ, സിന്തറ്റിക് ട്രാക്ക്, ഡ്രസിംഗ് റൂമുകൾ, മീഡിയ വർക്ക് സ്റ്റേഷൻ, വി.ഐ.പി വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളോടെ സ്റ്റേഡിയം നവീകരിച്ചെങ്കിലും ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്.
ദേശീയ നിലവാരത്തിലുള്ള 10 ലെയ്ന് പകരം 8ലെയ്ൻ മാത്രമാണ് നിർമ്മിച്ചത്. ട്രിപ്പിൾ ജംബിനുള്ള റൺവേ, വാം-അപ്പ് ട്രാക്ക്, സ്റ്റീപ്പിൾചേസ് സൗകര്യം എന്നിവയും ഒരുക്കിയിട്ടില്ല. രണ്ട് ലോംഗ് ജംബി പിറ്റുകൾ വേണമെന്നിടത്ത് ഒന്നേയുള്ളൂ. ഇതുമൂലം മത്സരങ്ങൾ പലതും തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ട സ്ഥിതിയാണ്.
ഗ്യാലറിയിൽ ഉൾപ്പെടെ എട്ടോളം സ്ഥലങ്ങളിൽ ആൽമരങ്ങൾ മുളച്ചിട്ടുണ്ട്. കരാറുകാരൻ ഉപേക്ഷിച്ച കോൺക്രീറ്റ് സ്ലാബുകളും സമീപത്തെ വലിയ കുഴിയും പഴയ ഗ്ലാസുകളും അപകടഭീഷണിയാണ്. നാല് ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.
കാലുതൊടാനാവാതെ ഫുട്ബാൾ മൈതാനം
ഫുട്ബാൾ മൈതാനത്തിന്റെ വിസ്തൃതി കുറഞ്ഞതോടെ ഗോൾപോസ്റ്റ് അകത്തേക്ക് മാറ്റി പരിശീലനം
ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്ക് ആവശ്യമായ റൺ-ഓഫ് ഏരിയയും പുൽത്തകിടിയും ഇപ്പോഴും ഒരുക്കിയിട്ടില്ല
നിലവിലെ മൈതാനത്ത് പരിശീലനം നടത്തിയാൽ കളിക്കാർക്ക് പരിക്കേൽക്കാൻ സാദ്ധ്യത കൂടുതലാൽ
പുൽത്തകിടി ഒരുക്കണമെങ്കിൽ വാഹനങ്ങൾ ട്രാക്കിലൂടെ കടത്തേണ്ടിവരുന്നത് സിന്തറ്റിക് ട്രാക്കിന് ഭീഷണി
ജീവനക്കാരുടെ അഭാവത്തിൽ സ്റ്റേഡിയം പരിപാലനം താളംതെറ്റി
സംസ്ഥാനതല മത്സരങ്ങൾക്ക് മുമ്പ് സ്റ്റേഡിയം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി മത്സരയോഗ്യമാക്കണം
കായികപ്രേമികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |