SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.39 PM IST

പുലമൺ തോട് മാലിന്യഭീഷണിയിൽ: സംരക്ഷണ പദ്ധതികളെല്ലാം താളംതെറ്റി

കൊട്ടാരക്കര: കൊട്ടാരക്കര പുലമൺ തോടിന്റെ സംരക്ഷണ പദ്ധതികളെല്ലാം താളംതെറ്റി, തോട്ടിൽ കരമണ്ണിടിഞ്ഞിറങ്ങിയും കാട് വളർന്നും നീരൊഴുക്ക് തടസപ്പെടുന്നു. മാലിന്യ നിക്ഷേപവും പഴയപടിയിലേക്ക്. മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ തോടിനാണ് ഈ ദുർഗ്ഗതിയെന്നതാണ് പ്രത്യേകത. 2024 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൊട്ടാരക്കരയിലെത്തി തോടിന്റെ നവീകരണ-ശുചീകരണ പദ്ധതി ഉദ്ഘാടനം ചെയ്തതാണ്.

 പുഴുനുരയ്ക്കുന്ന അവസ്ഥയിൽ

തട്ടിക്കൂട്ടിയ പദ്ധതികൾക്ക് അധിക ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ തോട് പഴയതിലും മോശാവസ്ഥയിലേക്ക് നീങ്ങുകയാണ്. നഗരസഭ അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. തോടിന്റെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനിന്ന് മാലിന്യവുമായി കലർന്ന് പുഴുനുരയ്ക്കുന്ന അവസ്ഥയിലാണ്. കുറ്റിക്കാടുകളും മൺതിട്ടകളും രൂപപ്പെട്ടതോടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുകയാണ്. കൂടുതൽ കരയിടിയാനും ഇത് കാരണമായേക്കും.

 പദ്ധതികൾ എവിടെ?

രണ്ട് പതിറ്റാണ്ടായി പുലമൺ തോടിന്റെ സംരക്ഷണ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. കുറച്ച് ഭാഗത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കിഭാഗം ഉപേക്ഷിച്ച നിലയിലാണ്. മീൻപിടിപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി പുലമൺ തോട്ടിലൂടെ ബോട്ടിംഗ് ഉൾപ്പടെ ആലോചിച്ചതാണ്. ഒന്നും നടപ്പായില്ല. ഇപ്പോൾ പട്ടണത്തിന് നടുവിലെ തോട് ചീഞ്ഞുനാറാൻ തുടങ്ങിയിട്ടും അധികൃതർ കണ്ണടയ്ക്കുന്നു. പുലമൺ പാലത്തിന്റെ ഒരു വശത്ത് തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് പാർക്ക് നിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയതാണ്. നടപ്പാക്കാനാകുന്നില്ലെന്ന് മാത്രം. പുലമൺ പാലത്തിൽ ആൽമരങ്ങൾ വളർന്ന് രണ്ടാൾ പൊക്കത്തിലായത് പോലും വെട്ടി വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

 കൊട്ടാരക്കര നഗരസഭ, മൈലം, കുളക്കട ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോട് ഒടുവിൽ കല്ലടയാറ്റിലാണ് ചെന്നുചേരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL