അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനിൽ നിന്ന് പനയം ഭാഗത്തേക്കുള്ള റോഡരികിൽ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന പൊലീസ് ബാരിക്കേഡുകൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായിട്ടും പൊലീസ് അധികൃതർ അനങ്ങുന്നില്ല. കഴിഞ്ഞ പുതുവർഷാഘോഷത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചവയാണ് ഇവ.
ബാരിക്കേഡുകളിലാകെ കാട്ടുവള്ളികൾ പടർന്നുകയറി. തിരക്കേറിയ സമയങ്ങളിൽ റോഡിന്റെ അരികിലൂടെ നടക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. സ്കൂൾ വിദ്യാർത്ഥികൾ, വൃദ്ധർ, സ്ത്രീകൾ എന്നിവരാണ് കൂടുതൽ വലയുന്നത്. രാത്രിയിൽ ബാരിക്കേഡുകൾ വ്യക്തമായി കാണാത്തതിനാൽ വസ്ത്രങ്ങൾ കുരുങ്ങുന്നതും ഇരുചക്ര വാഹനങ്ങൾ വശത്തേക്ക് മാറ്റുന്നതിനിടെ അപകട ഭീഷണിയാകുന്നതും പതിവാണ്. റോഡരികിലെ ഈ ഭാഗങ്ങൾക്ക് സമീപത്തെ സ്ഥാപനങ്ങളിലും കടകളിലും എത്തുന്നവർക്ക് വാഹനങ്ങൾ ഒതുക്കിയിടാനും ബാരിക്കേഡുകൾ വിലങ്ങുതടിയാണ്.
പൊതുമുതലോ, അതെന്ത് ചട്ടം! :
മൊബൈൽ ബാരിക്കേഡുകൾ ഉപയോഗം കഴിഞ്ഞാൽ പൊലീസ് സ്റ്റേഷനിലേക്കോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നാണ് ചട്ടം. എന്നാൽ പൊതുമുതൽ സംരക്ഷിക്കേണ്ട ചുമതലയുള്ള പൊലീസ് തന്നെയാണ് ബാരിക്കേഡുകൾ റോഡരികിൽ ഉപേക്ഷിച്ചത്. സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്തേണ്ട ബാരിക്കേഡുകൾ ജനങ്ങൾക്ക് തലവേദനയാവുന്ന അവസ്ഥയിലായി. ഇവ എത്രയും വേഗം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |