കൊല്ലം: വാർദ്ധക്യത്തിലെ ഒറ്റപ്പെടലുകലെ അകറ്റി ആഹ്ളാദപ്പകൽ സമ്മാനിക്കാൻ കോർപ്പറേഷൻ നേതൃത്വത്തിൽ പട്ടത്താനം ഇലവന്തി കവലയിൽ 2017ൽ നിർമ്മിച്ച ഭൂമിക പകൽവീട് മയക്കത്തിൽ.
മതിയായ സൗകര്യങ്ങളോടെ രണ്ട് നില കെട്ടിടമാണ് ഇവിടെ സജ്ജമാക്കിയത്. ആദ്യകാലങ്ങളിൽ ഭൂമികയിലെ പകൽനേരം രസാനുഭവങ്ങളായിരുന്നു. പ്രായമായവർ പാട്ടും കഥപറച്ചിലും വിനോദങ്ങളുമായി ഇവിടം ആഘോഷമാക്കി. 45 പേർ പതിവായി എത്തിയിരുന്നതാണ്. എന്നാൽ ഇപ്പോൾ 16 പേർ മാത്രമേ വരുന്നുള്ളു. തീർത്തും സാധാരണക്കാരാണ് എത്തുന്നത്. രാവിലെ 9.30ന് പകൽ വീട് തുറക്കും. അധികം വൈകാതെ ചായയെത്തും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്. വൈകിട്ട് ചായയും കടിയും. ഭക്ഷണം കോർപ്പറേഷന്റെ ചുമതലയിൽ കരാർ നൽകി പുറമെ ഏൽപ്പിച്ചിരിക്കുകയാണ്. വൈകിട്ട് നാലരയോടെ എല്ലാവരും തിരികെ വീടുകളിലേക്ക് മടങ്ങും.
വയോജനങ്ങളുടെ മാനസിക, ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് പകൽവീട്ടിൽ സജ്ജമാക്കിയ ഉപകരണങ്ങളെല്ലാം നശിച്ചു. വ്യായാമം ചെയ്യാൻ യാതൊന്നും ശേഷിക്കുന്നില്ല. വിനോദങ്ങളുമില്ല. കുറച്ച് സമയം ടി.വി കാണും, ചിലരൊക്കെ ഇരുന്ന് വർത്തമാനം പറയും. ഉച്ചയൂണിന് ശേഷം ഉറക്കം. ഇതാണ് ഇപ്പോൾ പകൽവീടിന്റെ പ്രധാന പ്രവർത്തനം. മാസത്തിൽ ഡോക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനയും മരുന്ന് വിതരണവുമുണ്ട്. കോർപ്പറേഷൻ നിയോഗിച്ച ഒരു കെയർടേക്കർ മാത്രമാണ് ഇപ്പോൾ ഭൂമികയിലുള്ളത്. ഇവിടത്തെ എല്ലാ ജോലികളും ഒരാൾതന്നെ ചെയ്യണമെന്ന സ്ഥിതിയാണ്.
മാറ്റം വരേണ്ടത് അനിവാര്യം
വാഹന സൗകര്യം
രാവിലെ ആളുകളെ കൊണ്ടുവരാനും വൈകിട്ട് തിരിച്ചയയ്ക്കാനും വാഹനം ഏർപ്പെടുത്തണം
പങ്കാളിത്തം വർദ്ധിപ്പിക്കൽ
പ്രദേശത്തെ വിരമിച്ച ഉദ്യോഗസ്ഥർ, അദ്ധ്യാപകർ തുടങ്ങി എല്ലാ ശ്രേണിയിലുള്ളവരും പകൽവീട്ടിൽ എത്തണം
ഒറ്റപ്പെടൽ കുറയ്ക്കാം
മക്കളും കൊച്ചുമക്കളും ജോലിക്ക് പോകുമ്പോൾ വീട്ടിൽ ഒറ്റപ്പെടുന്നവർക്ക് പകൽവീട് ആശ്വാസമാകും
സൗകര്യങ്ങൾ കൂട്ടണം
വിനോദങ്ങൾക്കും വ്യായാമങ്ങൾക്കുമുള്ള സംവിധാനങ്ങൾ നവീകരിക്കണം
സാംസ്കാരിക പരിപാടികൾ
കവികൾ, സാഹിത്യകാരന്മാർ, പാട്ടുകാർ എന്നിവർ ഇടയ്ക്ക് എത്തണം. സാംസ്കാരിക പരിപാടികൾ ഉണ്ടാകുമ്പോൾ പകൽവീട് കൂടുതൽ ഉഷാറാകും.
പ്രതിച്ഛായ മാറ്റണം
അന്നം തേടിയും പകൽ വിശ്രമത്തിനും മാത്രം വരുന്നവരുടെ ഇടമായി മാറിയാൽ
പകൽവീടിന് 'അനാഥാലയ' പ്രതിച്ഛായ വരും. അത് ഒഴിവാക്കണം.
എല്ലാ വിഭാഗം വൃദ്ധജനങ്ങളും ഇവിടേക്ക് എത്തുകയും ഒറ്റപ്പെടലിന് തീർത്തും മോചനമുണ്ടാവുകയും ചെയ്യുമ്പോഴാണ് പകൽവീട് എന്ന സങ്കല്പം ലക്ഷ്യത്തിലെത്തുക. ജനപ്രതിനിധികളും പ്രദേശത്തെ സാംസ്കാരിക പ്രവർത്തകരും ഇക്കാര്യത്തിൽ മുൻകൈയെടുക്കണം
കോർപ്പറേഷൻ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |