കൊട്ടാരക്കര: എം.സി റോഡിലെ ഏനാത്ത് പാലത്തിൽ നിന്നുള്ള ആത്മഹത്യകളും മാലിന്യം തള്ളലും തടയുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലും ഉയർന്ന സംരക്ഷണ വേലികൾ സ്ഥാപിക്കുന്നു. ഇരുവശത്തുമായി 10 അടി ഉയരത്തിലാണ് ഇരുമ്പുവേലി നിർമ്മിക്കുന്നത്. ഒരുവശത്തെ പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. മറുവശത്തെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ പാലം പൂർണമായും സുരക്ഷിതമാകും.
വാർത്ത ഫലം കണ്ടു
ഏനാത്ത് പാലത്തിന്റെ കൈവരികൾക്ക് ഉയരം കൂട്ടി സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയർത്തി കഴിഞ്ഞ സെപ്തംബർ 9-ന് 'കേരള കൗമുദി' "ഏനാത്ത് പാലത്തിന്റെ കൈവരി ഉയർത്തണം" എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയെ തുടർന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.
വർദ്ധിച്ചുവന്ന അപകടങ്ങളും മാലിന്യത്തള്ളലും
കല്ലടയാറിന് കുറുകെയുള്ള ഈ പാലത്തിൽ നിന്ന് ആറ്റിൽ ചാടി ജീവനൊടുക്കുന്നവരുടെ എണ്ണം മാസത്തിൽ രണ്ടും മൂന്നും എന്ന നിലയിലേക്ക് ഉയർന്നിരുന്നു. പഴയ കൈവരികൾക്ക് ഉയരം കുറവായിരുന്നതിനാൽ വളരെ എളുപ്പത്തിൽ ആളുകൾക്ക് ആറ്റിലേക്ക് ചാടാൻ കഴിയുമായിരുന്നു. കൂടാതെ, വാഹനങ്ങളിലെത്തുന്നവർ ഇറച്ചി അവശിഷ്ടങ്ങളും ഭക്ഷണ മാലിന്യങ്ങളും പുഴയിലേക്ക് വലിച്ചെറിയുന്നതും പതിവായിരുന്നു. വേലി നിലവിൽ വന്നതോടെ ഇതിനെല്ലാം ശാശ്വത പരിഹാരമാകും.
കൊല്ലം - പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം 2017-ൽ ബലക്ഷയത്തെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുത്തപ്പോഴും സംരക്ഷണ വേലി വേണമെന്ന ആവശ്യം ഉയർന്നിരുന്നതാണ്.
സി.സി.ടി.വിയും സ്ഥാപിച്ച് സുരക്ഷ
പാലത്തിൽ സുരക്ഷയ്ക്കായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. ഇരുവശങ്ങളിലെയും തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ല. ഹൈമാസ്റ്റ് ലൈറ്റിനായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ലൈറ്റുകൾ ഉടൻ തെളിയിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |