കൊല്ലം: കടൽക്ഷോഭം രൂക്ഷമായതോടെ കൊല്ലം ബീച്ചിൽ തിരകൾ കര കവരുന്നു. 2007ൽ ഏകദേശം ഒന്നര കിലോമീറ്റർ വരെ വീതിയുണ്ടായിരുന്ന ബീച്ചിൽ ഇന്ന് പല ഭാഗങ്ങളിലും അവശേഷിക്കുന്നത് 50 മീറ്ററോളം മാത്രം. അതിൽ 10 മീറ്ററോളം ഭാഗം അപകടസാദ്ധ്യതയെ തുടർന്ന് വടംകെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.
ജൂൺ മുതൽ ഒക്ടോബർ വരെ കടൽക്ഷോഭം രൂക്ഷമാകുന്നതോടെ തിരമാലകൾ തീരത്തെ മണൽ കുത്തിയൊലിപ്പിക്കുന്നു. ഓരോ വർഷവും ഏകദേശം 100ഉം 150ഉം മീറ്റർ വരെ കടൽ കരയിലേക്ക് കയറും. ഒക്ടോബറിൽ കടൽ പിൻവാങ്ങുമ്പോൾ 30 മീറ്ററിലേറെ തീരം സ്ഥിരമായി നഷ്ടപ്പെടും. ഓപ്പൺ സ്റ്റേജിന്റെയും പാർക്കിംഗ് ഗ്രൗണ്ടിന്റെയും ഭാഗത്ത് വടംകെട്ടിയ സ്ഥലത്തിനപ്പുറം കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്നത്ര തീരഭാഗം മാത്രമാണ് ഇപ്പോഴുള്ളത്. ഒരുകാലത്ത് സന്ദർശകർക്ക് വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളും കടലിൽ നഷ്ടമായി.
ഗലീലിയോ കടപ്പുറം മുതൽ നേതാജി നഗറിലെ വെടിക്കുന്ന് വരെ ഏകദേശം 2.3 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ബീച്ചിൽ ഏറ്റവും കൂടുതൽ തീരശോഷണം നേരിടുന്നത് തെക്കൻ വെടിക്കുന്ന് മേഖലയാണ്. ബീച്ചിന്റെ വിസ്തൃതി കുറഞ്ഞതോടെ അപകടസാദ്ധ്യതയും വർദ്ധിച്ചു. കേരളത്തിലെ ഏറ്റവും അപകടസാദ്ധ്യതയേറിയ ഡീപ് ബീച്ചുകളിലൊന്നായ ഇവിടെ തീരത്ത് നിന്ന് രണ്ടുമീറ്റർ അകലെപ്പോലും മൂന്നുമീറ്ററിലേറെ ആഴമുണ്ട്. കടൽ തുടങ്ങുന്ന ഭാഗത്ത് ഒന്നര മീറ്ററോളം ആഴമുള്ളതിനാൽ വലിയ തിരമാലകൾ ശക്തി കുറയാതെ നേരിട്ട് തീരത്തടിക്കുന്നു. തീരത്തുനിന്ന് കടലിലേക്ക് ശക്തമായി വലിച്ചിഴക്കുന്ന റിപ്പ് കറന്റും ഇവിടെ പതിവായി രൂപപ്പെടുന്നതിനാൽ അപകടസാധ്യത ഇരട്ടിയാകുന്നു. തിരമാലകൾ മണൽ വലിച്ചുകൊണ്ടുപോയി രൂപപ്പെടുന്ന ആഴക്കുഴികളിൽ അകപ്പെടുന്നതാണ് ഇവിടെ മുങ്ങിമരണങ്ങളുടെ പ്രധാന കാരണം. ഇതുവരെ നൂറിലധികം പേർ ഇവിടെ മുങ്ങിമരിച്ചെന്നാണ് കണക്ക്.
കര കവരുന്നത്
കടൽ നിർമ്മാണങ്ങൾ
തിരമാലകളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസമുണ്ടാകുമ്പോൾ അതിന്റെ ആഘാതം സമീപ തീരങ്ങളിലേക്ക് മാറി തീരശോഷണം സംഭവിക്കും. കൊല്ലം തുറമുഖവും തങ്കശേരി ബ്രേക്ക് വാട്ടർ പദ്ധതിയും ഉൾപ്പെടെയുള്ള കടൽനിർമ്മാണങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തുറമുഖം നിലവിൽ വരുന്നതിന് മുമ്പേ തന്നെ മൺസൂണിൽ തീരദേശത്ത് രൂക്ഷമായ കടലാക്രമണം ഉണ്ടായിരുന്നുവെന്നും തുറമുഖം വന്നശേഷം അതിന്റെ തീവ്രത ചില മേഖലകളിൽ കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
ജീവൻ രക്ഷിക്കാനും ആളില്ല
കൊല്ലം ബീച്ചിൽ ആകെ എട്ട് ലൈഫ് ഗാർഡുമാർ മാത്രം
ഒരു ഷിഫ്റ്റിൽ ഡ്യൂട്ടിയിലുള്ളത് നാല് പേർ
ഓരോ ലൈഫ് ഗാർഡിനും മാസത്തിൽ 15ദിവസം ഡ്യൂട്ടി
ഡ്യൂട്ടി രാവിലെ 7മുതൽ രാത്രി 7വരെ മാത്രം
ഒരാൾ അവധിയിലായാൽ മറ്റുള്ളവർക്ക് അധികഭാരം.
ബി.ഐ.എസ് ബീച്ച് മാനേജ്മെന്റ് മാനദണ്ഡപ്രകാരം ഓരോ 100 മീറ്ററിനും ഒരു ലൈഫ് ഗാർഡ് വേണം
കൊല്ലം ബീച്ചിൽ ഈ മാനദണ്ഡപ്രകാരം ഒരു ഷിഫ്റ്റിൽ വേണ്ടത് 23 ഓളം ലൈഫ് ഗാർഡുമാർ
അപകടസാദ്ധ്യത ഉയരുമ്പോഴും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |