SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

പരിമിതികളെ പടികടത്തി 'ബോധിനി'യിൽ നിറചിരി

photo
പട്ടത്താനം ഇലവന്തിയിലെ ബോധിനി ബഡ്സ് സ്കൂൾ

കൊല്ലം: വീട്ടിലെ പിടിവാശിയും പരിഭവങ്ങളുമൊക്കെ വീട്ടിൽത്തന്നെ ഉപേക്ഷിച്ചാണ് പട്ടത്താനം ഇലവന്തി കവലയിലെ 'ബോധിനി'യിലേക്ക് അവരെത്തുന്നത്. പിന്നെ തിരിച്ചിറങ്ങും വരെ പാട്ടും കളികളും കുസൃതികളും നി​റയും. പരി​മി​തി​കളുടെ അതിരുകളെല്ലാം മായ്ച്ചുകളഞ്ഞ്, ഒരു പകൽ മുഴുവൻ സന്തോഷത്തോടെ അവർ അവി​ടെ ചെലവഴിക്കും.

ഭി​ന്നശേഷി​ക്കാരായ കുട്ടി​കൾക്കു വേണ്ടി​ കൊല്ലം കോർപ്പറേഷൻ 2017 ഒക്ടോബർ 24ന് ആരംഭി​ച്ച ബഡ്സ് സ്കൂളാണ് ബോധിനി. കാവനാട് മുതൽ കരിക്കോട് വരെയുള്ള പ്രദേശങ്ങളിൽ നിന്നായി 66 കുട്ടികളാണ് ബോധിനിയിലെത്തുന്നത്. 5 മുതൽ 20 വയസുവരെയുള്ളവരിൽ

ഓട്ടിസം ബാധിച്ചവരുമുണ്ട്. വീടുകളിൽ വലിയ കുരുത്തക്കേടുകൾ കാട്ടുന്നവരാണ് പലരും. കുട്ടികളുടെ സംരക്ഷണത്തിനായി ജോലിക്ക് പോലും പോകാനാകാതെ വീട്ടിലിരിപ്പായ രക്ഷിതാക്കളുണ്ടായി​രുന്നു. ബോധിനി ബഡ്സ് സ്കൂൾ തുടങ്ങിയത് ഇവർക്കെല്ലാം ആശ്വാസമായി. കുട്ടികളുടെ മാനസിക- ശാരീരിക വളർച്ചയ്ക്കും വിനോദത്തിനും സുരക്ഷിത ഇടവുമായി. കൃത്യമായ പരിശീലനം, ഫിസിയോ തെറാപ്പി, വിവിധ വിനോദ- വിജ്ഞാന പ്രവർത്തനങ്ങൾ എന്നിവയാണ് ബോധിനിയിൽ നൽകുന്നത്.

വേണം കളിസ്ഥലം

കുട്ടികൾക്ക് ആവശ്യമായ പരിശീലനം, സംരക്ഷണം എന്നിവയ്ക്കായി രണ്ട് അദ്ധ്യാപകരും രണ്ട് ഹെൽപ്പർമാരും ഉണ്ട്. ഫിസിയോ തെറാപ്പിസ്റ്റുമെത്തും. വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ടെങ്കിലും വിപണന സാദ്ധ്യതയുള്ള പുതിയ ഉത്പനങ്ങളുടെ നിർമ്മാണ പരിശീലനം നൽകാൻ കഴിഞ്ഞിട്ടില്ല. കോർപ്പറേഷന്റെ ചുമതലയിൽ മതിയായ സൗകര്യങ്ങളുള്ള കെട്ടിടമാണ് നിർമ്മിച്ച് നൽകിയത്. ക്ളാസുകളെടുക്കാനും ഫിസിയോ തെറാപ്പി ചെയ്യാനുമടക്കം സൗകര്യങ്ങളുണ്ട്. പുതിയ ഡൈനിംഗ് ഹാൾ നിർമ്മിച്ചത് ഉടൻ ഉദ്ഘാടനം ചെയ്യും. എന്നാൽ പകൽ മുഴുവൻ ഇവിടെയുള്ള കുട്ടികൾക്ക് കളിസ്ഥലമില്ല. ബോധിനിയോട് ചേർന്ന് കോർപ്പറേഷന്റെ സ്ഥലം വെറുതെ കിടപ്പുണ്ട്. അതിന് ചുറ്റുമതിൽ കെട്ടി സംരക്ഷണമൊരുക്കിയാൽ കളിസ്ഥലമാകും.

ഡ്രൈവറി​ല്ല

കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന ബഡ്സ് സ്കൂളിന് ബസ് അനുവദിച്ചിരുന്നു. അടുത്തകാലത്ത് ഡ്രൈവർ മരി​ച്ചതോടെ കുട്ടികളെ കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ട്. പുതിയ ഡ്രൈവറുടെ നിയമനം ഉടൻ നടത്തുമെന്നാണ് പ്രതീക്ഷ.

 കരകൗശല വസ്തുക്കൾ, നൂൽ പായ്ക്കറ്റ്, ഫയൽ എന്നിവയുടെ നിർമ്മാണത്തിലാണ് പരിശീലനം

 കുട്ടികളുടെ രക്ഷിതാക്കൾക്ക് നെറ്റിപ്പട്ട നിർമ്മാണത്തിലുൾപ്പെടെ പരിശീലനം നൽകുന്നു

 കുട്ടികളും രക്ഷിതാക്കളും നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിൽക്കാനും സംവിധാനമുണ്ട്.

 കോർപ്പറേഷന്റെ ചുമതലയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു

വിവിധ പ്രായത്തിലുള്ള കുട്ടികളാണ് ഇവിടെയുള്ളത്. എല്ലാരും ഒന്നിച്ചു കൂടുമ്പോൾ രസകരമാണ്. കുട്ടികളെ സ്വയംപര്യാപ്തരാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. സ്കൂളുകളിൽ പഠിക്കുന്നവരുമുണ്ട്

ആർ.ജ്യോതിലക്ഷ്മി (അദ്ധ്യാപിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL