SignIn
Kerala Kaumudi Online
Sunday, 16 August 2026 5.07 AM IST

കടവൂർ മതിലിലെ വളവിൽ ........... അരികിലുണ്ട് അപകടം അശ്രദ്ധ വേണ്ട

vigilance-court-junction-
കടവൂർ മതിലിൽ വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജി കോടതി ജംഗ്ഷൻ

കൊല്ലം: കടവൂർ മതിലിൽ വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജി കോടതി വളപ്പിൽ നിന്ന് ദേശീയപാത 183ലേക്ക് (കൊല്ലം-തേനി) പ്രവേശിക്കുന്ന ഭാഗത്ത് അശ്രദ്ധ മൂലമുണ്ടാവുന്ന അപകടങ്ങൾ തുടർക്കഥയായി​. കോടതിയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനങ്ങൾ, നിലവിലെ ഗതാഗത ക്രമീകരണമനുസരിച്ച് വലത്തേക്ക് തിരിഞ്ഞ് ഡിവൈഡർ ചുറ്റി ഇടതുവശത്തേക്കുള്ള പാതയിലൂടെ പോകേണ്ടതിനുപകരം നേരിട്ട് ഇടത്തേക്ക് തി​രി​ഞ്ഞ് ദേശീയപാതയിൽ പ്രവേശിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

കൊല്ലത്ത് നിന്ന് ദേശീയപാതയിലൂടെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മുന്നിലേക്കാണ് ഇങ്ങനെ പ്രവേശിക്കുന്നത്. ഇതുമൂലം അപകടങ്ങളും തർക്കങ്ങളും പതിവാണെന്നാണ് ആക്ഷേപം. കോടതി ഗേറ്റിൽ സ്ഥാപി​ച്ചി​ട്ടുള്ള മുന്നറിയിപ്പ് ബോർഡ് ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാനാവാത്തതാണ് അപകടസാദ്ധ്യത വർദ്ധിപ്പി​ക്കുന്നത്. സമീപത്തെ ബസ് സ്റ്റോപ്പും റോഡിലെ വളവും കാരണം കാഴ്ച പരിമിതപ്പെടുന്നതും സ്ഥിതി സങ്കീർണമാക്കുന്നു. ജംഗ്ഷനിൽ ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വ്യക്തമായി കാണുന്ന വിധത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കി ഗതാഗത ക്രമീകരണം കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

യുവാവിന് ഗുരുതര പരിക്ക്

കഴിഞ്ഞ ബുധനാഴ്ച കോടതി വളപ്പിൽ നിന്ന് അശ്രദ്ധമായി ദേശീയപാതയിലേക്ക് ഇറക്കിയ തേവള്ളി സ്വദേശിയുടെ കാറിൽ അഞ്ചാലുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന നീരാവിൽ ഇടത്തുണ്ടിൽ വീട്ടിൽ റോമിയോ രാജന്റെ (25) ബൈക്ക് ഇടിച്ചു കയറി. യുവാവിന്റെ വലത് കാലിൽ മൂന്ന് ഒഴിവുകളാണ് ഉണ്ടായത്. ശസ്ത്രക്രിയയ്ക്കായി രണ്ട് ലക്ഷത്തോളം രൂപ ഇതിനകം ചെലവായി. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ വളവും നിവർത്തുമെന്ന് പ്രതീക്ഷയുണ്ട്. അതുവരെ അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണം.

പ്രശാന്ത്, കൗൺസിലർ,

കൊല്ലം കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL