അഞ്ചാലുംമൂട്: പെരുമൺ റെയിൽവേ ഗേറ്റിലെ ഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിന് ശാശ്വത പരിഹാരമായി ബദൽ റോഡ് വേണമെന്ന നാടിന്റെ ആവശ്യത്തിന് പരിഹാരമില്ല. കൊല്ലം-കായംകുളം റെയിൽപ്പാതയിലെ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുകയാണ്.
കൊല്ലത്തേക്കുള്ള പാളത്തിന് അടിപ്പാതയുണ്ടെങ്കിലും കായംകുളം ഭാഗത്തേക്കുള്ള പാളത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ ഗേറ്റ് അടയ്ക്കണം. മിനിറ്റുകളുടെ ഇടവേളകളിൽ ട്രെയിനുകൾ കടന്നുപോകുന്നതിനാൽ ഗേറ്റ് പലതവണ അടയുകയും ഗതാഗതക്കുരുക്ക് പതിവാകുകയും ചെയ്യുന്നു. ഗേറ്റിന് സമീപം റോഡിന് വീതി കുറവായതിനാൽ എതിർദിശയിൽ വരുന്ന രണ്ട് ബസുകൾക്ക് ഒരേസമയം കടന്നുപോകാനാവില്ല. ഗേറ്റ് തുറന്ന ശേഷവും വാഹനക്കുരുക്ക് ഏറെ നേരം തുടരുകയാണ്.
പേഴുംതുരുത്ത്, പട്ടംതുരുത്ത് ഭാഗങ്ങളിൽ നിന്ന് കൊല്ലത്തേക്ക് പോകുന്നവർ റെയിൽവേ പാലം കടന്ന് പെരുമണിലെത്തിയാണ് ബസ് കയറുന്നത്. പെരുമൺ കടവിന് സമീപം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് യാത്ര തുടരുന്നവരും ഏറെയാണ്. പെരുമൺ-മൺറോത്തുരുത്ത് പാലം ഉടൻ ഗതാഗതത്തിന് തുറക്കുമെന്നാണ് പ്രതീക്ഷ. കണ്ണങ്കാട്ട് പാലവും യാഥാർത്ഥ്യമായാൽ അഞ്ചാലുംമൂട്- പെരുമൺ- ഭരണിക്കാവ് റോഡ് ദേശീയപാതയ്ക്ക് സമാന്തര പാതയാകും. ഇതോടെ ഇതുവഴിയുള്ള വാഹനത്തിരക്ക് വർദ്ധിക്കുകയും റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പരിഹാരം ബദൽ റോഡ്
റെയിൽപ്പാതയുടെ കിഴക്കുവശത്ത് പുതിയ റോഡ് നിർമ്മിച്ച് തരിയൻമുക്ക് മേൽപ്പാലവുമായി ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടെ അഞ്ചാലുംമൂട്, പെരിനാട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് റെയിൽവേ ഗേറ്റ് ഒഴിവാക്കി നേരിട്ട് പെരുമൺ പാലത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |