SignIn
Kerala Kaumudi Online
Sunday, 09 August 2026 4.35 AM IST

ദുരിതക്കയത്തിൽ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഗാരേജ്

photo
കൊട്ടാരക്കരയിലെ കെ.എസ്.ആർ.ടി.സി ഗാരേജ്

കൊട്ടാരക്കര: നവീകരണ പദ്ധതികൾ നടപ്പായില്ല. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഭാഗമായ ഗാരേജ് ദുരിതത്തിൽ. എം.സി റോഡും കൊല്ലം തിരുമംഗലം ദേശീയ പാതയും സംഗമിക്കുന്ന പ്രധാന പട്ടണമെന്ന നിലയിൽ എപ്പോഴും ബസുകൾ വന്നുപോകുന്ന ഡിപ്പോയും ഗാരേജുമാണ് കൊട്ടാരക്കരയിലേത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല.

  •  ബസുകൾ കടന്നുവരുന്ന വഴിയും പാർക്ക് ചെയ്യേണ്ട സ്ഥലവുമൊക്കെ കുണ്ടും കുഴിയുമാണ്.
  • ഇവിടം ടാറിംഗ് നടത്താനോ, കോൺക്രീറ്റ് നടത്താനോ പോലും സംവിധാനമുണ്ടായിട്ടില്ല.
  • കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്നത്.
  • മഴക്കാലമായാൽ ഇവിടമാകെ ദുരിതമാണ്.
  • ഒരു കെട്ടിടത്തിന്റെ മുകളിലും വശങ്ങളിലും കാട് മൂടിയ നിലയിലാണ്.
  • തകർന്ന് വീഴാവുന്ന വിധത്തിലാണ് ആസ്പറ്റാസ് ഷീറ്റുകൾ.
  • ബസുകൾ കയറ്റിയിട്ട് അറ്റകുറ്റപ്പണികൾ നടത്തുവാൻ മതിയായ ഷെഡുകളില്ല.
  • സംസ്ഥാനത്തെ പ്രധാന ഡിപ്പോയും അതിന്റെ ഭാഗമായ ഗാരേജുമായിട്ടും അധികൃതർ വേണ്ടത്ര പരിഗണന നൽകുന്നില്ല.
  • ഡിപ്പോയുടെ നവീകരണത്തിന് നിർമ്മാണ ഉദ്ഘാടനം നടത്തിയ 18 കോടി രൂപയുടെ പദ്ധതിയും ഫയലിൽ ഉറങ്ങുകയാണ്.

 ഗാരേജ് നവീകരണ പദ്ധതി എവിടെ?

അത്യാധുനിക സംവിധാനങ്ങളോടെ ഗാരേജ് നവീകരിക്കാനാണ് കഴിഞ്ഞ സർക്കാർ പദ്ധതി തയ്യാറാക്കിയത്. മന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2 കോടി രൂപ അനുവദിച്ചതുമാണ്. എന്നാൽ നാളിതുവരെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഗാരേജിന്റെ പ്രവർത്തനത്തിന് ആവശ്യമായ പുതിയ കെട്ടിടം, തറയിൽ ഇന്റർലോക്ക് പാകൽ , വിശ്രമ മുറി നിർമ്മാണം തുടങ്ങിയവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

 മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നേരെ എതിർവശത്തായാണ് ഗാരേജ് പ്രവർത്തിക്കുന്നത്. തകരാറുള്ള വാഹനങ്ങൾ സ്റ്റാൻഡിൽ നിന്നും റോഡിലിറങ്ങി, ദേശീയപാത മുറിച്ചുവേണം ഗാരേജിലേക്ക് കടക്കാൻ. ബസ് സ്റ്റാൻഡിനോട് ചേർന്ന് കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഗാരേജ് നിർമ്മിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെടുന്നുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL