കൊല്ലം: ഓണത്തിരക്കിനിടെ പോളയത്തോട് റെയിൽവേ ലെവൽ ക്രോസ്, മേൽപ്പാലം നിർമ്മാണത്തിനായി അടച്ചത് ഇരട്ടി ദുരിതമായി. തൊട്ടടുത്ത സ്ഥലത്തെത്താൻ പോലും ചുറ്റിക്കറങ്ങേണ്ട അവസ്ഥ.
പോളയത്തോട് ജംഗ്ഷനിൽനിന്ന് ലെവൽ ക്രോസ് കടന്ന് അമൃതകുളത്തെത്താൻ നേരത്തെ 300 മീറ്ററോളം മതിയായിരുന്നു. ഇപ്പോൾ കപ്പലണ്ടിമുക്ക് ഗേറ്റ് വഴി ഗുരുദേവ ജംഗ്ഷനിലെത്തി തിരിഞ്ഞ് പോകുമ്പോൾ ദൂരം മൂന്നര കിലോമീറ്ററാകും. ഹൈവേയിൽ നിന്നാണെങ്കിൽ നാലര കിലോമീറ്ററോളം ചുറ്റണം. തെക്കുനിന്ന് എത്തുന്നവർക്ക് മൂന്ന് കിലോമീറ്ററിലേറെ അധികയാത്ര.
പോളയത്തോട് ജംഗ്ഷനിൽ നിന്ന് കൊല്ലം ഭാഗത്തേക്കുള്ള കാറുകളും ഇരുചക്രവാഹനങ്ങളും കപ്പലണ്ടിമുക്ക് ഗേറ്റ് വഴി ഗുരുദേവ ജംഗ്ഷനിലെത്തിയാണ് അമൃതകുളത്തേക്ക് പോകുന്നത്. ഹൈവേയിൽനിന്നുള്ള വാഹനങ്ങൾ എസ്.എൻ കോളജ് ഗേറ്റ് വഴി മുണ്ടയ്ക്കൽ ജംഗ്ഷനിലെത്തി തിരിഞ്ഞ് പോളയത്തോട്-ചായക്കടമുക്ക് റോഡിലൂടെയാണ് അമൃതകുളത്തേക്ക് എത്തേണ്ടത്. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മാടൻനടയിൽനിന്ന് തിരിഞ്ഞ് ഭരണിക്കാവ് ഗേറ്റ് വഴി ഇരവിപുരം ഭാഗത്തേക്ക് പ്രവേശിക്കണം.
ഓണക്കാലത്ത് വാഹനത്തിരക്ക് കൂടിയതോടെ ഈ ചുറ്റുവഴികളിലും യാത്രാക്ലേശം വർദ്ധിച്ചു. ഇതിനിടെയാണ് പോളയത്തോട് മുതൽ പള്ളിമുക്ക് വരെ താത്കാലിക മീഡിയനുകൾ സ്ഥാപിച്ചത്. ഇതോടെ വാഹനങ്ങൾക്ക് ലഭിക്കുന്ന വഴികളും നിയന്ത്രിക്കപ്പെട്ടു.
മേൽപ്പാലത്തിന് 24 കോടി
24 കോടിയുടെ കരാറിലാണ് മേൽപ്പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 400 മീറ്ററാണ് നീളം. 10.5 മീറ്റർ വീതിയുള്ള പാലത്തിൽ 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ജനുവരി 23നാണ് മേൽപ്പാലം നിർമ്മാണത്തിനായി പോളയത്തോട് ലെവൽ ക്രോസ് പൂർണമായി അടച്ചത്. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പണി ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.
ആകെ ദുരിതം
ഗതാഗതം വഴിതിരിഞ്ഞതോടെ പോളയത്തോട് ലെവൽ ക്രോസിന് സമീപത്തെ ഫ്രൂട്ട്സ്, സ്റ്റേഷനറി കടകളിലെ കച്ചവടവും കുറഞ്ഞു. മുമ്പ് പ്രതിദിനം 40,000 രൂപയോളം കച്ചവടമുണ്ടായിരുന്നിടത്ത് ഇപ്പോൾ 4,000 രൂപയോളമാണ് വില്പന. ഓണക്കാലത്ത് കച്ചവടം കൂടുമെന്ന പ്രതീക്ഷയിലായിരുന്ന വ്യാപാരികൾക്ക് ഇതും തിരിച്ചടിയായി. ഓട്ടോറിക്ഷകളുടെ ഓട്ടം കുറഞ്ഞു. നേരത്തെ പോളയത്തോട് വഴി മുണ്ടയ്ക്കൽ, പാപനാശം ഭാഗങ്ങളിലേക്ക് നിരവധി ഓട്ടങ്ങൾ ലഭിച്ചിരുന്നു.
കച്ചവടം ആകെ കുറഞ്ഞു. മൂന്ന് സ്റ്റാഫ് ഉണ്ടായിരുന്നു. വരുമാനം ഇല്ലാത്തതിനാൽ ഇവരെ പറഞ്ഞുവിടേണ്ടിവന്നു
എസ്.കെ.എസ് സലിം,
വ്യാപാരി
......................
നിർമ്മാണത്തിനായി റോഡ് അടച്ചതോടെ ഓട്ടം കുറഞ്ഞു. ചുറ്റുവഴി ആയതിനാൽ ചെറിയ ഓട്ടത്തിന് പോലും ആകെ കറങ്ങേണ്ട സ്ഥിതി
സജീവ്,
ഓട്ടോ തൊഴിലാളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |