കൊല്ലം: ഹൃദ്രോഗികൾക്ക് പ്രതീക്ഷയുടെ പിടിവള്ളിയാകേണ്ട കൊല്ലം എ.എ റഹിം മെമ്മോറിയൽ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ്. ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് സ്പെഷ്യാലിറ്റി കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്.
ഈ ദിവസങ്ങളിൽ 200ലേറെ ടോക്കണുകൾ നൽകുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് 12കഴിഞ്ഞാലും പകുതി രോഗികളെപ്പോലും പരിശോധിച്ച് തീർക്കാനാകാത്ത സ്ഥിതിയാണ്. ദൂരപ്രദേശങ്ങളിൽ നിന്ന് പുലർച്ചെയെത്തുന്ന പ്രായമായവരും അവശരുമായ രോഗികൾ മണിക്കൂറുകളോളം കാത്തിരുന്ന് ചികിത്സ ലഭിക്കാതെ തിരികെ പോകേണ്ടിയും വരുന്നുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി.
ഒ.പി കുറഞ്ഞത് അഞ്ച് ദിവസമാക്കുകയും ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുകയും കാർഡിയാക് ഐ.സി.യു സൗകര്യം വർദ്ധിപ്പിക്കുകയും വേണമെന്നാണ് ആവശ്യം.
ജീവൻ രക്ഷിക്കാൻ ഡോക്ടർമാരില്ല
ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും കുറവ്
കാർഡിയാക് ഐ.സി.യുവിൽ ആവശ്യത്തിന് കിടക്കകളില്ല
ഒ.പി പ്രവർത്തനം ആഴ്ചയിൽ രണ്ട് ദിവസം
അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട രോഗികളെ തിരുവനന്തപുരത്തേക്കും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുന്നു
ഇതുമൂലം ജീവൻ രക്ഷിക്കാനുള്ള നിർണായക സമയം നഷ്ടപ്പെടുന്നു
നിവേദനം നൽകി
ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സ്നേഹപൂർവം കുരീപ്പുഴ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.എസ്.ഷാജി മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നൽകി. മന്ത്രി പരിഹാരം ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |