കൊല്ലം: ഓണം കളറാക്കാൻ വസ്ത്ര വിപണിയിൽ പരമ്പരാഗത തനിമ നിലനിറുത്തി ആധുനിക ഫാഷൻ ട്രെൻഡുകൾ തരംഗമാകുന്നു. കാവി, സ്വർണനിറങ്ങളിലുടെ ക്ലാസിക് ശൈലിക്കൊപ്പം പാസ്റ്റൽ ഷേഡുകൾ, ഫ്ലോറൽ പ്രിന്റുകൾ, ഹാൻഡ്‌ലൂം ഫ്യൂഷൻ വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്.
ഓണസദ്യ വിഭവങ്ങൾ, അത്തപ്പൂക്കളം, നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പഴയകാല നാടൻ പൂക്കളുടെ ചിത്രങ്ങൾ എന്നിവയെല്ലാം മനോഹരമായി പ്രിന്റ് ചെയ്ത ഡ്രസുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കേരളത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന ഇത്തരം തീം അധിഷ്ഠിത വസ്ത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
പുരുഷന്മാരുടെ വസ്ത്രശേഖരണത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പരമ്പരാഗത മുണ്ടിന് പുറമെ റെഡിമെയ്ഡ് കുർത്ത-മുണ്ട് സെറ്റുകൾ, കോട്ടൺ സിൽക്ക് കുർത്തകൾ, വ്യത്യസ്ത വർണങ്ങളിൽ ബോർഡറുകളുള്ള മുണ്ടുകൾ എന്നിവ യുവാക്കൾക്കിടയിൽ ട്രെൻഡായിട്ടുണ്ട്. സ്ത്രീകൾക്കായി ഓർഗൻസ സാരികൾ, ടിഷ്യു സാരികൾ, ബ്ലോക്ക് പ്രിന്റഡ് കോട്ടൺ സാരികൾ, കൂടാതെ മോഡേൺ ലുക്ക് നൽകുന്ന ലെയേർഡ് കുർത്തകളും സിംപിൾ കുർത്തി-പാന്റ് സെറ്റുകളും വിപണി കീഴടക്കി. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ തീമിലും ഡിസൈനിലും ഉള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന പുതിയ രീതിയും ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. കുട്ടികൾക്കായുള്ള മിനി കുർത്തകളും ട്രെൻഡി പാവാടകളും വിപണിയിൽ സുലഭമാണ്.
ആവേശത്തോടെ യുവത
കോളേജ് വിദ്യാർത്ഥികളും യുവതലമുറയുമാണ് പുതിയ ഓണം ട്രെൻഡുകളെ ഏറ്റവും ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. കാമ്പസുകളിലെ ഓണാഘോഷങ്ങൾക്കായി ട്രെൻഡി ലുക്കിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും, ഗ്രൂപ്പായി ഒരേ മാതൃകയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലും വിദ്യാർത്ഥികൾ വലിയ താൽപ്പര്യമാണ് കാണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |