SignIn
Kerala Kaumudi Online
Saturday, 05 September 2026 1.41 PM IST

പോളയത്തോട് മേൽപ്പാലം... സർവീസ് റോഡ് 4 മീറ്റർ വീതി​യി​ൽ

കൊല്ലം: പോളയത്തോട് റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡിന് 4 മീറ്റർ വീതി ഉറപ്പാക്കിയാണ് നി​ർമ്മാണം നടക്കുന്നതെന്ന് കെ.ആർ.ഡി.സി.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ വി.ആർ.സുരേന്ദ്രൻ അറി​യി​ച്ചു. മറി​ച്ചുള്ള പ്രചാരണം അടി​സ്ഥാന രഹി​തമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത ഭാഗത്തും തുമ്പറ- അമൃതുകുളം ഭാഗത്തും ഉൾപ്പെടെ 4 മീറ്റർ വീതിയിലാണ് സർവീസ് റോഡ് നി​ർമ്മാണം. ഒരി​ടത്തും വീതി​ കുറയി​ല്ല. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപവും സ്വകാര്യ ഭൂമിയോട് ചേർന്ന ഭാഗങ്ങളിലും റോഡിന്റെ വീതിക്ക് കുറവുണ്ടാകില്ല. പദ്ധതിക്കായി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ) നേരത്തെ തയ്യാറാക്കിയ രൂപരേഖയിലും സർവീസ് റോഡിന് ഇത്രയും വീതിയാണ് നിശ്ചയിച്ചിരുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണത്തോടൊപ്പം ഇരുവശത്തും സർവീസ് റോഡ് ഒരുക്കാനാണ് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്. പദ്ധതിക്കായി 0.41 ഹെക്ടർ ഭൂമി ആവശ്യമായി വരുമെന്നായിരുന്നു സാമൂഹികാഘാത പഠന റിപ്പോർട്ടിലെ കണക്ക്. ഇതനുസരിച്ചാണ് സ്ഥലം ഏറ്റെടുത്തത്.

ഭൂമി ഏറ്റെടുക്കൽ കുറച്ചു

സർവീസ് റോഡിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കൽ കുറച്ചത് റോഡിന്റെ വീതി വെട്ടിക്കുറച്ചുകൊണ്ടല്ല. റെയിൽവേ സ്പാനിനോട് ചേർന്ന ഭാഗങ്ങളിൽ മേൽപ്പാലത്തിനടിയിൽ ലഭിക്കുന്ന കൂടുതൽ വെർട്ടിക്കൽ ക്ലിയറൻസ് പ്രയോജനപ്പെടുത്തി ആ സ്ഥലം കൂടി സർവീസ് റോഡിന് ഉപയോഗിക്കുന്ന രീതിയാണ് അലൈൻമെന്റിൽ സ്വീകരിച്ചിരിക്കുന്നത്. പുറത്തുനിന്ന് കൂടുതൽ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഇതി​ലൂടെ 4 മീറ്റർ സർവീസ് റോഡ് നിലനിറുത്തിക്കൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാൻ കഴി​ഞ്ഞു. അമൃതുകുളം ഭാഗത്തിന്റെ ഇരുവശങ്ങൾ ഉൾപ്പെടെ പാലത്തിനടിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്.

പദ്ധതിയുടെ അംഗീകൃത രൂപരേഖയിൽ സർവീസ് റോഡിന് നാല് മീറ്റർ വീതിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ വീതിയിൽ മാറ്റം വരുത്തിയിട്ടില്ല. പാലത്തിനടിയിൽ ലഭ്യമായ സ്ഥലം കൂടി പ്രയോജനപ്പെടുത്തി സ്വകാര്യ ഭൂമി ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കുന്ന രീതിയിലാണ് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള രൂപരേഖ അനുസരിച്ച് പ്രവൃത്തി പുരോഗമിക്കുന്നു

വി.ആർ.സുരേന്ദ്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ, കെ.ആർ.ഡി.സി.എൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL