കൊല്ലം: ഓണസദ്യയ്ക്കും ചിങ്ങത്തിലെ വിവാഹങ്ങൾക്കുമായി മലയാളിക്ക് തൂശനിലയൊരുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഴയിലകൾ എത്തിത്തുടങ്ങി. ഓണസദ്യയുടെ പ്രധാന ആകർഷണമായ നാക്കിലകൾക്കായി തമിഴ്നാട്ടിലെയും കർണാടകയിലെയും വാഴത്തോട്ടങ്ങളെയാണ് കേരളം മുഖ്യമായും ആശ്രയിക്കുന്നത്.
എന്നാൽ മഴക്കുറവും കൃഷിനാശവും കാരണം ഇത്തവണ അതിർത്തി കടന്നെത്തുന്ന ഇലകളുടെ വരവ് ഗണ്യമായി കുറഞ്ഞത് വൻ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഓണക്കാലത്ത് കേരളത്തിൽ ഉടനീളമുള്ള ഓഡിറ്റോറിയങ്ങൾ, വീടുകൾ, ഹോട്ടലുകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവയ്ക്കൊപ്പം ഓഫീസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആഘോഷങ്ങൾക്കുമുള്ള ഓർഡറുകൾ കൂടിയായപ്പോൾ ഇലവിപണി വൻ തിരക്കിലാണ്.
കേരളത്തിലെ വിപണിയിലേക്ക് മാത്രം വാഴയില കയറ്റി അയക്കാൻ വേണ്ടി ഉത്സവസീസണിൽ കൃഷിചെയ്യുന്ന നിരവധി കർഷകർ തമിഴ്‌നാട്ടിലുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചി, മധുര, തൂത്തുക്കുടി, സത്യമംഗലം, കമ്പം, കോയമ്പത്തൂർ എന്നിവയ്‌ക്ക് പുറമെ കർണാടകയിലെ മൈസൂരു, ബെംഗളൂരു ഭാഗങ്ങളിൽ നിന്നും സോദരി വാഴയിലയും ഇപ്പോൾ കേരളത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. സദ്യയ്ക്ക് ഏറെ പ്രിയപ്പെട്ട തേൻ വാഴയില, കദളിയില, ഞാലിപ്പൂവൻ, പാളയംകോടൻ എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്.
ഗുണനിലവാരം കുറവ്
അതിർത്തി കടന്നെത്തുന്ന ഇലകളിൽ നല്ലൊരു പങ്കും ഗുണനിലവാരം കുറഞ്ഞും കീറിപ്പോയ നിലയിലുമാണ് ഏത്തുന്നത്. പത്തു വാഴയില വാങ്ങിയാൽ അതിൽ ആറെണ്ണത്തിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. ബാക്കി വരുന്നവ ഇല തുടച്ചുവൃത്തിയാക്കുമ്പോൾ കീറിപ്പോകുകയോ നശിക്കുകയോ ചെയ്യുന്നത് കാറ്ററിംഗ് യൂണിറ്റുകൾക്കും വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. വൻതോതിൽ ഇലകൾ വിദേശത്തേക്ക് കയറ്റി അയക്കുന്നതും കേരളത്തിലെ വിപണിയെ ബാധിക്കുന്നുണ്ട്. കേരളത്തിൽ പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലകളിൽ നിന്ന് നാമമാത്രമായി നാടൻ ഇലകൾ എത്തുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ ലക്ഷക്കണക്കിന് വരുന്ന വലിയ തോതിലുള്ള ആവശ്യകത പൂർണമായി നിറവേറ്റാൻ ഇത് പര്യാപ്തമല്ല.
സാധാരണ കൊടിയില
₹ 5- 6
തളിരില (നാക്കില)
₹ 8-16
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |