SignIn
Kerala Kaumudi Online
Sunday, 06 September 2026 4.07 AM IST

ദേശീയപാത വി​കസി​ച്ചപ്പോൾ ജീവനെടുക്കാനെന്ന വി​ധം പാർക്ക് ചെയ്ത് ലോറി​കൾ

കയ്പമംഗലത്തെ അപകടം ജി​ല്ലയി​ലും ആവർത്തി​ച്ചേക്കാം

കൊല്ലം: തൃശൂർ കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ദേശീയപാതയിലുണ്ടായ അപകടത്തിൽ ഏഴ് വിദ്യാർത്ഥികളടക്കം എട്ടുപേർക്ക് ജീവൻ നഷ്ടമായതോടെ ദേശീയപാതകളിലെ അനധികൃത പാർക്കിംഗി​ൽ പ്രതി​ഷേധമുയരുന്നു. ജി​ല്ലയി​ലെ ദേശീയപാതയി​ലും സമാന അവസ്ഥയയാണ്. എന്നാൽ നടപടി​ സ്വീകരി​ക്കാൻ ദേശീയപാത വി​ഭാഗമോ പൊലീസോ തയ്യാറാവുന്നി​ല്ല.

ദേശീയപാതയിലെ ബ്ളൈൻഡ് സ്പോട്ടുകളിലാണ് പലപ്പോഴും വലിയ ചരക്ക് ലോറികളും കണ്ടെയ്നർ ട്രക്കുകളും തോന്നിയപോലെ പാർക്ക് ചെയ്യുന്നത്. ഇത് അതിവേഗത്തിൽ എത്തുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ വാഹനം നിയന്ത്രിക്കാൻ കഴിയാതെ അപകടമുണ്ടാകാൻ സാദ്ധ്യതയേറെയാണ്. പോക്കറ്റ് റോഡുകളിലേക്കും മറ്റും വാഹനങ്ങൾ ഇറങ്ങുന്ന വഴികളിലാണ് മിക്കപ്പോഴും ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പാർക്ക് ചെയ്ത വാഹനങ്ങളുടെ മുന്നിലൂടെ പോക്കറ്റ് റോഡിൽനിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് ഇറങ്ങുമ്പോൾ പ്രധാനപാതയിലൂടെ വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടാൻ വൈകും. അടുത്തെത്തുമ്പോൾ ബ്രേക്ക് ചെയ്യുന്നത് വെറുതെയാവും.

ആറുവരി പാതയുടെ എമർജൻസി ട്രാക്കിൽപ്പോലും കുരീപ്പുഴ, മങ്ങാട്, പാലത്തറ, കൊട്ടിയം ഭാഗങ്ങളിൽ അനധികൃത പാർക്കിംഗ് വ്യാപകമാണ്. മേവറത്ത് ഇറക്കവും വളവുമുള്ള ഭാഗത്ത് കണ്ടെയ്നർ ലോറികൾ നിർത്തിയി​ടും. രാത്രിയിൽ ദൂരെനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇവ കാണാനാകില്ല. ഉയരപ്പാതയിലുൾപ്പെടെ റോഡിന്റെ വശങ്ങളിലും ഡിവൈഡറുകൾക്ക് സമീപവും എൻട്രി -എക്സിറ്റ് പോയിന്റുകളിലും പാർക്കിംഗ് ലൈറ്റിടാതെ തോന്നിയപോലെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.

സൂചനാ ബോർഡി​ല്ല, വെളിച്ചവുമില്ല

എൻ.എച്ച് 66ൽ അപകടം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സൂചനാ ബോർഡുകളുടെ അഭാവമാണ്. റിഫ്ലക്ടറും സൂചനാ ബോർഡും ഇല്ലാത്തതിനെ തുടർന്ന് ഓണക്കാലത്ത് നീരാവിൽ പാലത്തിന് സമീപം രാത്രിയിൽ സ്കൂട്ടർ ഡിവൈഡറിലിടിച്ച് ഇരവിപുരം സ്വദേശിക്ക് ജീവൻ നഷ്ടമായി. കുരീപ്പുഴയിൽ ഏപ്രിലിൽ പുലർച്ചെ നിർമാണ മേഖലയിലേക്ക് കാർ പാഞ്ഞുകയറി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മറ്റൊരു പ്രധാന പ്രശ്നം മതിയായ വെളിച്ചമില്ലാത്തതാണ്. ദേശീയപാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലെ ചെറിയ വെളിച്ചവും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചവും ആശ്രയിച്ചാണ് പലരും യാത്ര ചെയ്യുന്നത്.

ചോരയൊഴുകുന്ന റോഡുകൾ

 നാലുമാസത്തിനിടെ ജില്ലയിലെ ദേശീയപാതകളിൽ പൊലിഞ്ഞത് 77 ജീവനുകൾ

 അപകടങ്ങളി​ൽ ഭൂരിഭാഗവും ദേശീയപാത 66ൽ

 ഇവിടെ മരിച്ചത് 63 പേർ

 കൊല്ലം-തേനി ദേശീയപാതയിൽ മരിച്ചത് 9 പേർ

 കൊല്ലം-തിരുമംഗലം ദേശീയപാത 744ൽ അഞ്ചു പേർ

 ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രി ഒരു യുവാവ് മരിച്ചു

 ജില്ലയിലെ മറ്റ് റോഡുകളിൽ മരിച്ചത് 21പേർ

 ഭൂരിഭാഗവും ഇരുചക്രവാഹന യാത്രികരും കാൽനടയാത്രികരും
 അപകടങ്ങൾ ഏറെയും രാത്രിയിയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL