SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ഇന്ന് സാക്ഷരതാ ദിനം എട്ടിൽ പഠനം മുടങ്ങിയ ഷേർലി കാത്തിരിക്കുന്നു, ബിരുദ ഫലം!

photo
ഷേർലി അജയൻ

തുണയായത് സാക്ഷരതാ മിഷനും ഓപ്പൺ യൂണിയും

കൊല്ലം:ഫീസടയ്ക്കാൻ പതിനാറ് രൂപ ഇല്ലാതിരുന്നതിനാൽ എട്ടാം ക്ളാസിൽ പഠനം മുടങ്ങിയ ഷേർലി അജയൻ, അറുപത്തിമൂന്നിന്റെ നിറവിൽ ബിരുദ പഠനം പൂർത്തിയാക്കുന്നതിന്റെ സന്തോഷത്തിലാണ്.

സംസ്ഥാന സാക്ഷരതാ മിഷൻ തുറന്നു നൽകിയ അക്ഷര വെളിച്ചത്തിനൊപ്പം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജനകീയതയും ചേർന്നപ്പോഴാണ് കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ തുന്നൽക്കാരിക്ക് ബിരുദം കൈപ്പിയിലൊതുക്കുന്നത്. തുന്നൽ മെഷീനിന്റെ താളങ്ങൾക്കിടയിലും മനസിൽ കനലായി സൂക്ഷിച്ച അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഷേർലിയെ തുല്യതാ കോഴ്സുകളിലൂടെ പത്താംതരവും പ്ളസ് ടുവും ജയിക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളം ബിരുദ വിദ്യാർത്ഥിയായ ഷേർലി, ഒക്ടോബറിൽ അവസാന സെമസ്റ്റർ പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പഠനകേന്ദ്രത്തിൽ അവധി ദിനങ്ങളിലെ ക്ളാസുകൾ മുടക്കാറില്ല. നവംബറിൽ ബിരുദ ഫലം എത്തുന്നതോടെ ലക്ഷ്യം പൂർത്തിയാകും. ഒക്കുമെങ്കിൽ ബിരുദാനന്തര ബിരുദത്തിനും കൈ കൊടുക്കണമെന്ന് ഭർത്താവ് സി.എൽ.അജയകുമാറും ബന്ധുക്കളും നിർബന്ധിക്കുന്നുണ്ട്. വർക്കല സ്വദേശിയായ രാജൻ-സരസമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയതാണ് ഷേർലി. ഓച്ചിറ പ്രയാറിൽ താമസിക്കവേയാണ് സ്കൂൾ ഫീസ് ഇല്ലാത്തതിനാൽ പഠനം മുടങ്ങിയത്. പഠനത്തിന് പ്രായം ഒരു തടസമല്ലെന്നും നേടണമെന്ന ഉറച്ച മനസുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്നും ജീവിതംകൊണ്ട് തെളിയിക്കുകയാണ് കോളേജ് ജംഗ്ഷൻ അഖിൽ നിവാസിൽ ഷേർലി അജയൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL