കൊല്ലം: വൃദ്ധയായ മാതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചവറ തട്ടാശ്ശേരി മണ്ണന്തറ വീട്ടിൽ ശ്യാമളയെ (85) ഇളയമകൻ വേണു മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹോം നഴ്സാണ് പകർത്തിയത്. വസ്ത്രം തൂക്കുന്ന ഹംഗർ കൊണ്ട് തുടർച്ചയായി അടിക്കുമ്പോൾ അമ്മ ശ്യാമള നിലവിളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ പുലർച്ചെ നടന്ന ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്യാമളയും വേണുവും മാത്രമാണ് വീട്ടിൽ താമസം. ഹോം നഴ്സ് ഇന്നലെ പുലർച്ചെ ജോലിക്ക് എത്തിയപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയത്. ശ്യാമളയ്ക്ക് മൂന്ന് മക്കളാണ്. അമ്മയെ പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ചവറ പൊലീസ് വീട്ടിലെത്തി ശ്യാമളയുടെയും ഹോം നഴ്സിന്റെയും മൊഴിയെടുത്തു. വേണു മദ്യപിച്ചെത്തിയും അല്ലാതെയും ശ്യാമളയെ മർദ്ദിക്കുന്നത് പതിവാണെന്ന് ഹോം നഴ്സ് മൊഴി നൽകി. ഒളിവിൽ പോയ വേണുവിനെ വടുതല മുക്കിലെ ലോഡ്ജിൽ നിന്ന് രാത്രിയിൽ പൊലീസ് പിടികൂടി. കരസേനയിൽ നിന്നും വിരമിച്ച് ഐ.ആർ.ഇയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യയാണ് ശ്യാമള. കെ.എം.എം.എല്ലിലെ ലാപ്പ തൊഴിലാളിയാണ് വേണു.
എസ്.എച്ച്.ഒ സിജോ ജോർജ്ജ് ആന്റണി, എസ്.ഐ അഭിജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ വസന്തകുമാർ, എ.എസ്.ഐ രാജീവ്, എസ്.സി.പി.ഒമാരായ ഗിരിഷ്, പ്രതഷ്, സി.പി.ഒമാരായ ശ്യാം, രാം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |