കൊല്ലം: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിലെ കാഴ്ചകൾ ചെറു പതിപ്പിലാക്കി ദേവസ്വം ജീവനക്കാരനായ ജി.അനിൽകുമാർ (44). ക്ഷേത്രത്തിലെ പഞ്ചവാദ്യം കലാകാരനായ കൊട്ടാരക്കര അന്നൂർ ചാന്തൂർ അഷ്ടപദിയിൽ ജി.അനിൽകുമാറാണ് മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിൽ എട്ടടി നീളവും നാലടി വീതിയുമുള്ള ക്ഷേത്രശില്പമുണ്ടാക്കിയത്.
പ്രവേശന കവാടം, നടപ്പന്തൽ, ചുറ്റമ്പലം, സ്വർണക്കൊടിമരം തുടങ്ങി ശ്രീകോവിലിന്റെ സൂക്ഷ്മാംശങ്ങൾ വരെ തെല്ലും മാറ്റമില്ലാതെയുണ്ട്. 20,000 രൂപ ചെലവിൽ നിർമ്മിച്ച മാതൃകാ ശില്പം ക്ഷേത്രത്തിൽ സ്ഥാപിച്ചതോടെ നിരവധിപേരാണ് ഇത് കാണാനെത്തുന്നത്. ശില്പത്തിന്റെ സമർപ്പണ ചടങ്ങ് ചലച്ചിത്ര നിർമ്മാതാവ് വിനായക എസ്.അജിത് കുമാറാണ് ഉദ്ഘാടനം ചെയ്തത്. മുമ്പ് ആനക്കൊമ്പ് ശില്പങ്ങളും ചിത്രങ്ങളും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ജോലി ചെയ്യുന്ന ക്ഷേത്രം അതേപടി പകർത്തുന്നത് ആദ്യമായെന്നാണ് അനിൽകുമാർ പറയുന്നത്. ഭാര്യ ശ്രീജയും മക്കളായ ആദിത്യനും ശിവനന്ദയുമാണ് അനിൽകുമാറിന് പിന്തുണ നൽകുന്നത്.
ജോലിക്കൊപ്പം ശില്പകലയും
ക്ഷേത്രത്തിലെ വാദ്യസേവന ജോലി തീർന്നാൽ അനിൽകുമാറിന്റെ വിരലുകളിൽ ശില്പകല ജീവനണിയും
ഫോം ഷീറ്റ്, പശ, ബയന്റുകൾ, വാട്ടർകളറുകൾ എന്നിവയാണ് ശില്പത്തിനായി ഉപയോഗിച്ചത്
തകിൽ കലാകാരനായ ജ്യേഷ്ഠൻ ഗോപകുമാർ പ്ളാസ്റ്റർ ഒഫ് പാരീസിൽ തീർക്കുന്ന ശില്പകല കണ്ടാണ് അനിൽകുമാറിന്
താത്പര്യമുണ്ടായത്
ഇതൊരു കേവല ശില്പമല്ല, ഭഗവാനിൽ മനസർപ്പിച്ച് നടത്തിയ പ്രാർത്ഥനയുടെ ഫലമാണ്. ക്ഷേത്ര ചൈതന്യം ഉള്ളിൽ തട്ടിയാണ് ഓരോ ഭാഗവും നിർമ്മിച്ചത്.
ജി.അനിൽകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |