ബീച്ച് സുസ്ഥിര വികസന പദ്ധതി ഫയലിൽ ഒതുങ്ങി
കൊല്ലം: കൊല്ലം ബീച്ചിൽ സുരക്ഷാ വീഴ്ചകളും അപകടങ്ങളും ആവർത്തിച്ചിട്ടും ബീച്ച് സുസ്ഥിര വികസന പദ്ധതി കടലാസിൽ ഒതുങ്ങുന്നു. കഴിഞ്ഞ ദിവസം ബീച്ചിൽ മൂന്ന് പേർ തിരയിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദാരുണ സംഭവങ്ങൾ ബീച്ചിന്റെ സുരക്ഷയെെപ്പറ്റി ഗൗരവ ചോദ്യങ്ങളുയർത്തുന്നു.
കേരളത്തിലെ മറ്റ് ബീച്ചുകളെ അപേക്ഷിച്ച് ആഴം കൂടുതലുള്ളതും ഭയപ്പെടുത്തുന്ന വലിയ തിരമാലകൾ അടിക്കുന്നതുമായ ഇവിടേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുമ്പോഴും സുരക്ഷാ മുൻകരുതലുകൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. കൊല്ലം കോർപ്പറേഷനും കേരള തീരദേശ വികസന കോർപ്പറേഷനും സംയുക്തമായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന വൻകിട നവീകരണ പദ്ധതിയാണിത്. ചെന്നൈ ഐ.ഐ.ടിയുടെ ശാസ്ത്രീയ പഠനങ്ങളുടെയും ഡിസൈനുകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബീച്ചിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താതെ സുരക്ഷിതമായ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
ശക്തമായ തിരയിൽ തീരം കടലെടുക്കുമ്പോഴും പദ്ധതി പൂർണമായും ഫയലിൽ ഉറങ്ങുന്ന അവസ്ഥയാണ്. കൃത്യമായി ഡി.പി.ആർ സമർപ്പിക്കാനോ സാങ്കേതിക അനുമതി നേടിയെടുക്കാനോ പോലും കഴിഞ്ഞിട്ടാില്ല. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ, കടലിൽ ജീവൻ പൊലിയുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതിയുടെ സവിശേഷതകൾ
ജിയോ ട്യൂബുകളുടെ സ്ഥാപനം: തീരത്തുനിന്ന് ഏകദേശം 150- 200 മീറ്റർ മാറി കടലിനടിയിൽ ബീച്ചിന് സമാന്തരമായി ജിയോ ട്യൂബുകൾ (കടൽഭിത്തിക്ക് പകരമുള്ള വലിയ ട്യൂബുകൾ) സ്ഥാപിക്കും. ചെന്നൈ ഐ.ഐ.ടി ഓഷ്യാനോഗ്രാഫി വിഭാഗം എമറിറ്റസ് പ്രൊഫ. വി. സുന്ദറിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഇത് ശക്തമായ തിരമാലകളുടെ ആഘാതം കുറയ്ക്കും.
ആഴം കുറയ്ക്കലും സുരക്ഷയും: കൊല്ലം തീരത്തിന് സമീപമുള്ള നാല് മീറ്റർ ആഴം ഈ ആധുനിക സാങ്കേതികവിദ്യ വഴി കുറച്ച് സുരക്ഷിതമായ ലഗൂണുകൾ രൂപപ്പെടുത്തും. ഇതിലൂടെ സഞ്ചാരികൾക്ക് അപകടമില്ലാതെ കടലിൽ ഇറങ്ങാൻ സാധിക്കും.
തീരത്തിന്റെ വിസ്തൃതി കൂട്ടൽ: രണ്ട് വശങ്ങളിലും ചെറിയ പുലിമുട്ടുകളും ജിയോ ട്യൂബുകളും സ്ഥാപിക്കുന്നതിലൂടെ ബീച്ചിന്റെ നീളം ഒരു കിലോമീറ്ററോളം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സഞ്ചാരികൾക്കുള്ള ആധുനിക സൗകര്യങ്ങൾ: ആകർഷകമായ പ്രകാശ സംവിധാനങ്ങൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നവീകരണം, പ്രത്യേക കവാടങ്ങൾ, ജല കായിക വിനോദങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
തീരദേശ സംരക്ഷണം: കൊല്ലം മുണ്ടയ്ക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് തീരപ്രദേശത്തെ കടലാക്രമണങ്ങളിൽ നിന്നും മണ്ണൊലിപ്പിൽ നിന്നും സംരക്ഷിക്കാൻ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രത്യേക തീരസംരക്ഷണ പദ്ധതികളും ഇതിനോട് ചേർന്ന് വിഭാവനം ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |