SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

പരിമിതികളെ പടികടത്തി ദിവ്യ ടീച്ചർ

photo
ദിവ്യാരാജ് സ്കൂളിലെ കുട്ടികൾക്കൊപ്പം

 അംഗപരിമിതിയും സെറിബ്രൽ പാൾസിയും തടസമായില്ല


കൊല്ലം: അംഗപരിമിതികളെയും സെറിബ്രൽ പാൾസിയെന്ന രോഗാവസ്ഥയെയും ആത്മവിശ്വാസം കൊണ്ട് തോൽപ്പിച്ച് മുന്നേറുകയാണ് കൊട്ടാരക്കര പള്ളിക്കൽ ദിവ്യാഭവനിൽ ദിവ്യാരാജ് (33). കൊട്ടാരക്കര പള്ളിക്കൽ ഈസ്റ്റ് ഗവ.ഡബ്ള‌്യു എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് അദ്ധ്യാപികയായ ദിവ്യ കവിതകൾ എഴുതുകയും പാട്ടുകൾ പാടുകയും ചെയ്യുന്നതിനാൽ കുട്ടികൾക്കും വലിയ കാര്യമാണ്. തമിഴ്നാട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് സ്റ്റാഫായ രാജശേഖരൻ നായരുടെയും മഹേശ്വരി അമ്മയുടെയും മകളായ ദിവ്യ ഏഴാം മാസത്തിലാണ് ജനിച്ചത്. ഇരട്ടക്കുട്ടികളിൽ ഒരാളായി പിറന്ന ദിവ്യയുടെ സഹോദരി പതിനെട്ടാം ദിവസം മരണത്തിന് കീഴടങ്ങി. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ദിവ്യയുടെ കാലുകൾക്ക് ബലക്ഷയവും കൈകൾക്ക് പരിമിതികളുമുണ്ട്. ഒരു കാലത്ത് തീർത്തും നടക്കാൻ കഴിയാതിരുന്ന ദിവ്യയ്ക്ക് ഇന്ന് വാക്കറിന്റെ സഹായത്തോടെ ചുവടുകൾ വയ്ക്കാൻ സാധിക്കും. കൊട്ടാരക്കര ഡയറ്റിൽ നിന്ന് ടി.ടി.സി നേടിയ ശേഷം കൊട്ടാരക്കര ഗ്ളോബൽ കോളേജിൽ പഠിച്ച ദിവ്യ, 2017ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എ.ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. തുടർന്ന് എം.എയും ഫസ്റ്റ് ക്ളാസോടെ പാസായി. 2019ൽ പി.എസ്.സി വഴിയാണ് വീടിന് സമീപത്തുള്ള പള്ളിക്കൽ ഈസ്റ്റ് സ്കൂളിൽ അദ്ധ്യാപികയായി ചേർന്നത്.

തണലായി അമ്മയും

സ്വകാര്യ സ്കൂളിലെ ജോലി ഉപേക്ഷിച്ച അമ്മ മഹേശ്വരി, ദിവ്യയെ രാവിലെ ഓട്ടോയിൽ സ്കൂളിലെത്തിക്കുന്നത് മുതൽ വൈകിട്ട് മടങ്ങുംവരെ സ്കൂളിലുണ്ടാകും. എം.എ ഇക്കണോമിക്സ് ബിരുദധാരിയായ മഹേശ്വരിയാണ് ബോർഡിൽ എഴുതി ദിവ്യയെ സഹായിക്കുന്നത്. അച്ഛനും അനുജത്തി ദ്യശ്യയും ദിവ്യയ്ക്ക് പിന്തുണയായുണ്ട്. നിലവിൽ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിവ്യയിപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL