ഓണക്കാലത്തെ ഒരാഴ്ചയിൽ എത്തിയത് 1222 പേർ
കൊല്ലം: ജല ഗതാഗത വകുപ്പിന്റെ 'സീ അഷ്ടമുടി' സർവീസിന് ഓണക്കാലത്ത് മികച്ച നേട്ടം. 1222 പേരാണ് ഓണനാളുകളിലെ ഒരാഴ്ച ബോട്ടിൽ യാത്ര നടത്തിയത്. ടിക്കറ്റ് ഇനത്തിൽ അഞ്ചര ലക്ഷത്തോളം രൂപ ലഭിച്ചു. അവധി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ പലർക്കും സീറ്റ് ലഭിക്കാത്ത സ്ഥിതിയായി.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളളവരാണ് ഭൂരിഭാഗം യാത്രക്കാരും. അഷ്ടമുടിക്കായലിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് കായൽ സൗന്ദര്യം ആസ്വദിക്കാനും ലക്ഷ്യമിട്ടാണ് സീ അഷ്ടമുടി സർവീസ് ആരംഭിച്ചത്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് ഇതുവരെ 78,000ലേറെ സഞ്ചാരികൾ യാത്ര ആസ്വദിച്ചു. 2.80 കോടിയിലേറെ വരുമാനവും ലഭിച്ചു.
തേവള്ളിക്കായലിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, തേവള്ളി കൊട്ടാരം, കടവൂർ പള്ളി, കുരീപ്പുഴയിലെ വിളക്കമ്മ, ശക്തികുളങ്ങര, ചൈനീസ് മീൻവലകൾ, സെന്റ് ജോസഫ് ദേവാലയം എന്നിവ പിന്നിട്ട് സാമ്പ്രാണിക്കോടിയിലെത്തും. കായലിൽനിന്ന് രൂപപ്പെട്ട തുരുത്തിലെ കണ്ടൽക്കാടുകളും അവിടത്തെ കായൽക്കാഴ്ചകളും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.
തുടർന്ന് അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിന് സമീപമെത്തി പെരുമൺ പാലവും ദുരന്ത സ്മൃതിമണ്ഡപവും കടന്ന് കാക്കത്തുരുത്ത്, മൺറോത്തുരുത്ത് മേഖലകളിലേക്കാണ് യാത്ര. അഷ്ടമുടിയുടെ എട്ട് കായൽഭാഗങ്ങളിലെ കാഴ്ചകളും യാത്രയുടെ പ്രത്യേകതയാണ്. വൈകിട്ട് ആരംഭിക്കുന്ന ട്രിപ്പ് കഴിഞ്ഞവർഷം ഉണ്ടായിരുന്നെങ്കിലും പുതിയ ബോട്ട് എത്തിയതോടെ ഇത് നിറുത്തി. പ്രകൃതിസൗഹൃദ ശൗചാലയ സംവിധാനവും കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും ബോട്ടിലുണ്ട്.
പദ്ധതിക്ക് മൂന്നര വയസ്
സർവീസ് തുടങ്ങിയത് 2023മാർച്ച് 13ന്
ട്രിപ്പുകൾ രാവിലെ തുടങ്ങും, അഞ്ച് മണിക്കൂർ
കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നു രാവിലെ 11ന് പുറപ്പെടും
വൈകിട്ട് 4ന് മടങ്ങിയെത്തും
ഡബിൾ ഡക്കർ ബോട്ടിന് 60 സീറ്റുള്ള താഴത്തെ നിലയിൽ നിരക്ക് 400 രൂപ
30സീറ്റുള്ള മുകളിലെ നിലയിൽ 500 രൂപ
ഒറ്റ നിലയുള്ള പുതിയ ബോട്ടിൽ യാത്ര ചെയ്യാൻ 400 രൂപ
ബുക്ക് ചെയ്യാൻ 9400050390 എന്ന നമ്പറിൽ ബന്ധപ്പെടാം
സീ അഷ്ടമുടി ബോട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ടതായി മാറിയതിൽ സന്തോഷമുണ്ട്.
കെ.എം.നാസർ, സ്റ്റേഷൻ മാസ്റ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |