കൊല്ലം: ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യ സുരക്ഷ പെൻഷന് കുടുംബ വരുമാന പരിധി ഒഴിവാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കലയ്ക്കോട് സുധാ നിവാസിൽ സുധാമണി ധനവകുപ്പിന് നൽകിയ നിവേദനം പരിശോധനയ്ക്കായി തദ്ദേശ, സാമൂഹ്യനീതി വകുപ്പുകൾക്ക് കൈമാറി.
ഭിന്നശേഷി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ അപേക്ഷന്റെ കുടുംബ വാർഷിക വരുമാന പരിധി ഒരുലക്ഷം രൂപയിൽ കവിയരുതെന്ന് നിബന്ധനയുണ്ട്. അതിനാൽ വലിയൊരു വിഭാഗം ഭിന്നശേഷിക്കാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മരുന്നിന് മാസം വൻതുക ചെലവാകും. പല രക്ഷിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളിൽ ആക്കിയിട്ടാണ് ജോലിക്ക് പോകുന്നത്. അതിനും പണച്ചെലവുണ്ട്. രക്ഷിതാക്കൾ പ്രായമാകുന്നതോടെ ഭിന്നശേഷിക്കാരുടെ സംരക്ഷണം കൂടുതൽ പ്രതിസന്ധയിലാകും. ഇതോടെ മരുന്നുകൾ മുടങ്ങി അരോഗ്യനില കൂടുതൽ വഷളാകും. ഇത്തരം പ്രശ്നങ്ങൾ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ച് പഠിച്ച് ഭിന്നശേഷി സാമൂഹ്യ സുരക്ഷാ പെൻഷൻ തുക ഉയർത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ രണ്ടായിരം രൂപയാണ് പ്രതിമാസ പെൻഷൻ.
ഭിന്നശേഷിക്കാരോട് സർക്കാർ കരുണ കാണിക്കണം. അവരുടെ രക്ഷിതാക്കളുടെ സങ്കടം മനസിലാക്കണം. വരുമാന പരിധി ഒഴിവാക്കുന്നതിനൊപ്പം പെൻഷൻ തുക വർദ്ധിപ്പിക്കുകയും വേണം
ആർ. സുധാമണി, കടയ്ക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |