ഇരുട്ടു കൂടുമ്പോൾ സ്റ്റേഷനിലെ വെളിച്ചവും കൂടും
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മാതൃകയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി ബിൽഡിംഗ് മാനേജ്‌മെന്റ് സംവിധാനം ഒരുക്കും. റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ നിർമ്മാണവിഭാഗം മേധാവി ഓം പ്രകാശുമായി നടത്തിയ ഉന്നതതല യോഗത്തിനും നിർമ്മാണ പരിശോധനയ്ക്കും ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്ധ്യ കഴിഞ്ഞ് ഇരുട്ട് കനക്കുന്നതോടെ റെയിൽവേ സ്റ്റേഷനിലെ പ്രകാശം വർദ്ധിക്കും. ട്രെയിനുകൾ വരുന്ന സമയത്ത് കൂടുതൽ ഉച്ചത്തിൽ അനൗൺസ്‌മെന്റ് മുഴങ്ങും. തീയോ പുകയോ ഉണ്ടായാൽ അലാറം സ്വയം മുഴങ്ങി അഗ്‌നിസുരക്ഷ സംവിധാനങ്ങൾ പ്രവർത്തിക്കും. ഉഷ്ണത്തിന് അനുസരിച്ച് ഫാനുകളുടെ പ്രവർത്തനം നിയന്ത്രിക്കും. ബിൽഡിംഗ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഇത്തരം ആധുനിക സൗകര്യങ്ങളാണ് നിലവിൽ വരുന്നത്. ഊർജ്ജം ലാഭിക്കുന്നതിനൊപ്പം ഏതെങ്കിലും ഉപകരണങ്ങൾ കേടായാൽ ഉടൻ മനസിലാക്കാനുമാകും.
എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം മേധാവി ഓംപ്രകാശിനും പുറമേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനിയർ സുശീൽകുമാർ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ പവൻകുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ ഗോപിശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്ലാറ്റ്‌ഫോമുകൾക്ക്
പുതിയ മേൽക്കൂര
പ്ലാറ്റ്‌ഫോമുകളിൽ 5735 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിലവിലുള്ള മേൽക്കൂരയുടെ നവീകരണം മാത്രമാണ് പുതിയ പദ്ധതിയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്ലാറ്റ്‌ഫോമുകളിൽ പൂർണമായും 16,296 ചതുരശ്ര മീറ്റർ മേൽക്കൂര നിർമ്മിക്കും. നിലവിലുള്ള മേൽക്കൂര പൂർണമായും മാറ്റിയാണ് ഒരേ രീതിയിലുള്ള ആകർഷണീയമായ പുതിയ മേൽക്കൂര നിർമ്മിക്കുന്നത്. നിലവിലെ 5735 ചതുരശ്രമീറ്റർ ടൈലും സിമന്റും കോൺക്രീറ്റും കൊണ്ടുള്ള പ്ലാറ്റ്‌ഫോമിനു പകരം 16296 ചതുരശ്രമീറ്റർ ഗ്രാനൈറ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്‌ഫോം നിർമ്മിക്കും.
എയർപോർട്ട് മോഡൽ
പഴയ സൗത്ത് ടെർമിനൽ 3732 ചതുരശ്ര മീറ്റർ
വികസനം 24,433 ചതുരശ്ര മീറ്ററിൽ
ഇതിൽ പകുതിയും വാണിജ്യാവശ്യങ്ങൾക്ക്
12 മീറ്റർ വീതിയുള്ള ഫുട്ബ്രിഡ്ജ്
4780 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ എയർകോൺകോഴ്‌സ്
21 ലിഫ്റ്റുകളും 12 എസ്‌കലേറ്ററുകളും
നോർത്ത് ടെർമിനലിലും പാർക്കിംഗ് കേന്ദ്രം
890 ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം
190 കാറുകളും പാർക്ക് ചെയ്യാം
76 നിരീക്ഷണ കാമറകൾ
അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാക്കും
സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കൂടുതലായി നടപ്പാക്കേണ്ടവ ഈ മാസം 18 ന് രാവിലെ 11ന് ചെന്നൈയിൽ ചേരുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ യോഗത്തിൽ ഉന്നയിക്കും
എൻ.കെ. പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |