അഞ്ചൽ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അച്ചൻകോവിൽ ദേവസ്വത്തിന്റെ അധീനതയിൽ ചെങ്കോട്ട പൊൻപൊളിയിലുള്ള ഭൂമിക്ക് സംരക്ഷണം ഒരുക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഭൂമി കൈയ്യേറ്റം തടയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മതിൽ നിർമ്മിക്കുന്നത്.
30.96 ഏക്കർ ഭൂമി
ദേവസ്വം ബോർഡിന്റെ കീഴിൽ ചെങ്കോട്ടയിൽ ആകെ 30.96 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 13.15 ഏക്കർ ഭൂമി പൊൻപൊളിയിലാണ് സ്ഥിതി ചെയ്യുന്നത്. ആകെ ഭൂമി മൂന്ന് ഇടങ്ങളിലായാണ് വ്യാപകിടക്കുന്നത്. നിലവിൽ പൊൻപൊളിയിലെ ഭൂമി 9 പേർക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണെന്നും ഇവിടെ പൊന്നി അരിയാണ് കൃഷി ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മതിൽ നിർമ്മാണത്തിന് ഒരു കോടി രൂപ
ഭൂമിയുടെ നിലവിലെ അവസ്ഥ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംരക്ഷണത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമിയുടെ ചില ഭാഗങ്ങൾ അതിർത്തി വ്യക്തമാകാതെ അന്യാധീനപ്പെടാൻ സാദ്ധ്യതയുള്ള നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സംരക്ഷണ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചത്.
സംരക്ഷണ മതിൽ നിർമ്മാണത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ. രാജു നിർവഹിച്ചു. ദേവസ്വം ബോർഡിന്റെ ഒരുതരി ഭൂമിപോലും അന്യാധീനപ്പെടാൻ അനുവദിക്കില്ലെന്നും പൊൻപൊളിയിലുള്ള ഭൂമി സംരക്ഷിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ദേവസ്വം ഡെപ്യുട്ടി കമ്മീഷണർ ജി. മുരളീധരൻ, അച്ചൻകോവിൽ സബ് ഗ്രൂപ്പ് ഓഫീസർ നിർമ്മലാനന്ദൻ, മരാമത്ത് ഓവർസിയർ പാർവതി, അരുൺ രാജ് തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |