SignIn
Kerala Kaumudi Online
Monday, 28 September 2026 3.23 AM IST

ദേശീയപാത വികസനം, ഓച്ചിറയ്ക്ക് ഇതു പോര

photo-
ഓച്ചിറയിൽ പ്രീമിയർ ജംഗ്ഷന് കിഴക്ക് വശമുള്ള അണ്ടർപാസ്സിൽ നിന്ന് പഴയ ഹൈവേയിലേക്കുള്ള 4 മീറ്റർ മാത്രം വീതിയുള്ള റോഡ് ( രണ്ട് ബിൽഡിംഗുകൾക്കുള്ളിലുള്ള ഭാഗം )

ക്ലാപ്പന : ഓച്ചിറയിൽ ദേശീയപാത മുറിച്ചുകടക്കാൻ നിലവിലുള്ള നാല് സ്ഥലങ്ങളിൽ കൊട്നാട്ട് ജംഗ്ഷനും (ടോൾ പ്ലാസ), വടക്കേ പള്ളി മുക്കും റെയിൽവേ സ്റ്റേഷൻ റോഡും ഭാവിയിൽ അടയക്കും. പുതിയ പാത വരുമ്പോൾ 270 മീറ്റർ സ്ഥലം തുറന്നുകിട്ടുമെങ്കിലും, അവിടേക്ക് എത്താൻ കേവലം നാല് മീറ്റർ വീതിയുള്ള പ്രീമിയർ ജംഗ്ഷൻ റോഡ് മാത്രമാകും ആശ്രയം. കായംകുളം - കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും യാത്രക്കാരും ഈ ചെറിയ റോഡിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നത് ഗുരുതരമായ ഗതാഗതക്കുരുക്കിന് വഴിവെക്കും.

 ഓച്ചിറയ്ക്ക് എന്ത് നേട്ടം?

പില്ലർ എലിവേറ്റഡ് ഹൈവേ വന്നെങ്കിലും പുറത്തേക്ക് പോകാൻ ശരിയായ റോഡ് ഇല്ലാത്തതിനാൽ ഇത് ഓച്ചിറയ്ക്ക് ഉപകരിക്കില്ല. 240 മീറ്റർ നീളത്തിലുള്ള ആർ.ഇ. വാൾ ഒഴിവായതുകാരണം അത്രയും സ്ഥലത്ത് ഒരുവശത്തുനിന്ന് മറുവശം കാണാം, അവിടെ വിശ്രമിക്കാം അല്ലെങ്കിൽ വാഹനം പാർക്ക് ചെയ്യാം എന്നതല്ലാതെ മറ്റൊരു ഗുണവുമില്ല.

വാർത്ത തുണയായി, പ്രക്ഷോഭം ഫലം കണ്ടു

ദേശീയപാത വികസനത്തിലെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി 2025 സെപ്റ്റംബറിൽ 'കേരളകൗമുദി' എഴുതിയ "ഒച്ചിഴയുംപോലെ ഓച്ചിറ" വാർത്തയാണ് വഴിത്തിരിവായത്. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് പില്ലർ എലിവേറ്റഡ് ഹൈവേ അനുവദിച്ചത്. പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും പ്രീമിയർ ജംഗ്ഷനിലെ അടിപ്പാതയിൽ നിന്ന് ഇരുവശത്തേക്കും നാല് സ്പാൻ വീതം പില്ലർ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനം ആക്ഷൻ കൗൺസിലിനെയോ ജനപ്രതിനിധികളെയോ അറിയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല.

പില്ലർ എലിവേറ്റഡ് ഹൈവേ അനുവദിച്ചതിൽ സന്തോഷവും സഹായിച്ചവർക്ക് നന്ദിയും അറിയിക്കുന്നു. എന്നാൽ നാല് മീറ്റർ വീതിയുള്ള പ്രീമിയർ ജംഗ്ഷൻ റോഡ് മാത്രം പോരാ; ഇത് ഓച്ചിറയ്ക്ക് പ്രയോജനപ്പെടണമെങ്കിൽ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് കടക്കാൻ കഴിയുംവിധം അനുഷാ ജംഗ്ഷൻ വരെ പില്ലർ എലിവേറ്റഡ് ഹൈവേ നീട്ടുകയോ അവിടെ ഒരു അണ്ടർപാസ് കൂടി നിർമ്മിക്കുകയോ വേണം. അതോടെ ഇവിടുത്തെ ഗതാഗതക്കുരുക്ക് പകുതിയായി കുറയ്ക്കാനാകും
മെഹർഖാൻ ചേന്നലൂർ
( ചെയർമാൻ, പില്ലർ എലിവേറ്റഡ് ആക്ഷൻ കൗൺസിൽ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL